തിരുച്ചിറപ്പള്ളിയിൽ വിമാനം തിരിച്ചിറങ്ങിയ സംഭവത്തിൽ വിമാനത്തിലെ സാങ്കേതിക തകരാർ എങ്ങനെയുണ്ടായി എന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. 15 വർഷത്തോളം പഴക്കമുള്ള വിമാനത്തിനു മുൻപ് രണ്ടു തവണ സമാന പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. എയർ ഇന്ത്യ വിമാന കമ്പനിയിൽ നിന്നും ഡിജിസിഎ വിശദീകരണം തേടി. മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥർ സ്ഥലത്തെത്തും. എയർ ഇന്ത്യയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈഡ്രോളിക് ഫെയിലിയർ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിരുച്ചിറപ്പള്ളി -ഷാർജ വിമാനത്തിലെ 144 യാത്രക്കാരെയും സുരക്ഷിതമായി ഷാർജയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് എത്തിച്ച വിമാനത്തിലാണ് യാത്രക്കാരെ ഷാർജയിലേക്ക് കൊണ്ടുപോയത്.