സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ഐഇഎൽടിഎസ്, ഒഇടി ഓഫ്ലൈൻ/ഓൺലൈൻ കോഴ്സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഐഇഎൽടിഎസ്, ഒഇടി (ഓഫ്ലൈൻ-എട്ട് ആഴ്ച) കോഴ്സില്‍ നഴ്സിങ് ബിരുദധാരികളായ ബിപിഎല്‍, എസ്സി, എസ്ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്.
മറ്റുളളവര്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിങ്, റീഡിങ്, സ്പീക്കിങ്, റൈറ്റിങ് എന്നീ നാലു മോഡ്യൂളുകള്‍). മൂന്ന് ആഴ്ച നീളുന്ന ഓഫ്ലൈൻ കോഴ്സില്‍ അഡീഷനല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും. ഐഇഎൽടിഎസ് ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂപയും, റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്. ഒഇടി (ഓൺലൈൻ-04 ആഴ്ച ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 രൂപയി, ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് 7080 രൂപയുമാണ് ഫീസ് (ജിഎസ്ടി ഉള്‍പ്പെടെ). മുൻ പരീക്ഷാ പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മാത്രമാണ് ഒഇടി ഓൺലൈൻ ബാച്ചില്‍ പ്രവേശനം ലഭിക്കുക. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രഫഷനലുകള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.