പതിനായിരക്കണക്കിന് അക്ഷരപ്രേമികൾ ഒഴുകിയെത്തിയ മേളയിൽ സാന്നിധ്യം കൊണ്ടും പുസ്തകപ്രകാശനങ്ങൾകൊണ്ടും മലയാളികൾ മുന്നിട്ടു നിന്നു. എഴുനൂറോളം മലയാള പുസ്തകങ്ങളാണ് 12 ദിവസത്തെ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തത്. നൂറുകണക്കിനു പുതിയ എഴുത്തുകാരും ഇവിടെ പിറവിയെടുത്തു.
എഴുത്തും വായനയും തന്നെയാണ് ശക്തിയെന്നു വിളിച്ചു പറയുന്നതായിരുന്നു, പുസ്തകോത്സവ നാളുകൾ. ഒരു പുസ്തകത്തിൽ നിന്ന് തുടങ്ങാം എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. വായനയിലേക്ക് ജനങ്ങളെ തിരികെ കൊണ്ടുവരുന്നതിനുള്ള ഉദ്യമത്തിൽ എല്ലാവരും പങ്കാളികളായി. എവിടെയും രാപകൽ ആഘോഷമായിരുന്നു. പാട്ടും, തമാശകളും, ഭക്ഷ്യമേളകളും എല്ലാം ചേർന്നൊരു പൂരമായിരുന്നു ഷാർജ എക്സ്പോ സെന്റർ.