ഇന്ത്യന്‍ വ്യോമയാന മേഖലയിലേക്ക് പുതിയൊരു വിമാനക്കമ്പനികൂടി എത്തുന്നു. ശംഖ് എയര്‍ എന്നാണ് പേര്. ശംഖ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഉടമകള്‍. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് മൂന്നുവര്‍ഷ കാലാവധിയുള്ള നിരാക്ഷേപ പത്രം ലഭിച്ചു. എന്നാല്‍ യാത്രക്കാരുമായി പറക്കുന്നതിന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ (ഡി.ജി.സി.എ.)ന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
ഉത്തര്‍പ്രദേശില്‍നിന്നുള്ള ആദ്യ തദ്ദേശീയ എയര്‍ലൈന്‍ കമ്പനിയാണ് ശംഖ് എയര്‍. ലഖ്‌നൗവും നോയിഡയുമായിരിക്കും പ്രധാനകേന്ദ്രങ്ങള്‍. ഇവിടെനിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സംസ്ഥാനത്തിനകത്തും സംസ്ഥാനത്തിന് പുറത്തേക്കും സര്‍വീസുകള്‍ നടത്തും. ആവശ്യക്കാരേറെയുള്ളതും അതേസമയം നേരിട്ടുള്ള സര്‍വീസുകള്‍ കുറവുള്ള നഗരങ്ങളെയും ലക്ഷ്യമാക്കിയാകും പ്രവര്‍ത്തിക്കുക.