മലിനീകരണമില്ലാത്ത ഗതാഗത സംവിധാനം എന്നത് ഇന്ന് ലോകരാജ്യങ്ങളുടെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നാണ്. വാഹനങ്ങളുടെ കാര്യത്തില്‍ അത് ഏറെക്കുറെ സാധ്യമാണെങ്കിലും വിമാനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ഇതിലുള്ള സാധ്യതകള്‍ വിദൂരമാണ്. 2050 ൽ സീറോ എമിഷന്‍ സാധ്യമാകണമെന്ന വലിയ ലക്ഷ്യം നിലനില്‍ക്കുമ്പോഴും ഇത് സാധ്യമാകുന്ന ഏവിയേഷന്‍ ഫ്യുവല്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഇന്ധനത്തിലുള്ള വാഹനങ്ങള്‍ ഇലക്ട്രിക് ആണ് ബദല്‍ എങ്കില്‍ വിമാനങ്ങള്‍ക്ക് ഒരു ബദല്‍ സംവിധാനം നിര്‍ദേശിക്കപ്പെട്ടിട്ടില്ല.
റോഡിലെ വാഹനങ്ങളിലെ പോലെ ഇലക്ട്രിക് വിമാനങ്ങള്‍ അനായാസം സാധ്യമാകുന്ന ഒന്നല്ലെന്നാണ് വിലയിരുത്തലുകള്‍. ഇലക്ട്രിക് പാസഞ്ചര്‍ വിമാനങ്ങള്‍ എന്ന പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ ബാറ്ററി സാങ്കേതികവിദ്യ ഇനിയും ഏറെ മുന്നേറേണ്ടതുണ്ടെന്നാണ് മറ്റൊരു നിരീക്ഷണം. എന്നാല്‍, ഈ വെല്ലുവിളികള്‍ക്കിടയിലും ഇലക്ട്രിക് കരുത്തില്‍ പറക്കുന്ന വിമാനങ്ങള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്നുണ്ടെന്നതും വസ്തുതയാണ്.ഡച്ച് സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ എലീസിയന്‍ ആണ് ഇലക്ട്രിക് കരുത്തിലെ വിമാനത്തിന്റെ വരവ് പ്രഖ്യാപിച്ചിട്ടുള്ളത്. പൂര്‍ണമായും ഇലക്ട്രിക് കരുത്തില്‍ പറക്കുന്ന വിമാനം പത്ത് വര്‍ഷത്തിനുള്ളില്‍ എത്തിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 805 കിലോമീറ്റര്‍ പറക്കാന്‍ സാധിക്കുന്ന ആഭ്യന്തര സര്‍വീസിനുള്ള വിമാനങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ഒരുക്കുന്നത്. 90 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയായിരിക്കും ഇവയ്ക്ക് നല്‍കുക. 90 ശതമാനം വരെ എമിഷന്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് എലീസിയന്‍ അവകാശപ്പെടുന്നത്.