ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ നൽകാൻ താൽപര്യമുള്ളവർക്കായി പ്രവാസി സുഹൃത്തുക്കൾ ചേർന്നു വെബ്സൈറ്റിനു രൂപം നൽകി. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ വിവരങ്ങൾ SupportWayanad.com എന്ന സൈറ്റ് വഴി അപ്‌ലോഡ് ചെയ്യാം. സർക്കാർ വഴിയാകും ആവശ്യക്കാർക്ക് വീട് നൽകുക.
വീടുകൾ നൽകുമ്പോൾ പാലിക്കേണ്ട നടപടികളും പരിപാലന കരാറും സർക്കാരുമായിട്ടായിരിക്കുമെന്നും ഇവർക്കു പരസ്പരം ബന്ധപ്പെടാനുള്ള പ്ലാറ്റ്ഫോം മാത്രമായിരിക്കും സപ്പോർട്ട് വയനാട് വെബ്സൈറ്റ് എന്നും പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന എ.എസ്. ദീപു, മുനീർ അൽ വഫ എന്നിവർ പറഞ്ഞു. വീടു നൽകാൻ താൽപര്യമുള്ള പ്രവാസികൾ ബന്ധപ്പെട്ടതായും അവരുടെ സൗകര്യാർഥമാണ് വെബ്സൈറ്റ് രൂപീകരിച്ചതെന്നും അവർ പറഞ്ഞു. വെബ്സൈറ്റ് സംബന്ധിച്ചു സർക്കാരിന്റെ ഭാഗത്തു പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.