വയനാട്ടിലെ ഉരുൾപൊട്ടൽ നടന്ന ദുരന്ത മേഖലകളില്‍ 3 കോടിയുടെ പദ്ധതികള്‍ തന്റെ ഫൗണ്ടേഷന് വഴി നടപ്പിലാക്കുമെന്ന് മോഹന്‍ലാല്‍. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സൈന്യം അടക്കം എല്ലാവര്ക്കും നന്ദി പറയുന്നുവെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണമായും തകര്‍ന്ന വെള്ളാര്‍മല എല്‍പി സ്കൂള്‍ പുനരുദ്ധാരണവും തങ്ങള്‍ ഏറ്റെടുക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന് ഡയറക്ടറും മോഹന്‍ലാലിനെ അനുഗമിക്കുകയും ചെയ്ത മേജര്‍ രവിയും വ്യക്തമാക്കി.
‘‘രാജ്യം കണ്ടതിൽ വച്ച് ഏറ്റവും സങ്കടകരമായ കാഴ്ചകളാണ് വാർത്തകളിലൂടെ അറിയുന്നത്. അവിടെ ചെന്നു കണ്ടു കഴിഞ്ഞാലേ അതിന്റെ വ്യാപ്തി മനസ്സിലാകൂ. ഒരുപാട് പേർക്ക് നിമിഷനേരം കൊണ്ട് അവരുടെ ഉറ്റവരെയും വീടും സ്ഥലവും ഒക്കെ നഷ്ടമായി. നമ്മളെല്ലാവരും ഒരുമിച്ച് ചേർന്ന് അവരെ സഹായിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതിൽ എടുത്തു പറയേണ്ടവരാണ് ഇന്ത്യൻ ആർമി, എയർഫോഴ്സ്, ഡോക്ടേഴ്സ്, എൻഡിആർഎഫ്, ഫയർ ആൻഡ് റെസ്ക്യൂ, നേവി, ലോക്കൽ ആളുകൾ, സന്നദ്ധ സഹായ സംഘടനകൾ അങ്ങനെ ഒരു കല്ലെടുത്ത് മാറ്റുന്ന കുട്ടിപോലും ഇതിന്റെ ഭാഗമായി മാറുന്നു മോഹന്‍ലാല്‍ പറഞ്ഞു