കഴിഞ്ഞ മാസം വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളിലെ കുട്ടികൾക്ക് പഠനം തുടരാൻ, തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ യുഎഇയിലെ കൂട്ടായ്മ ഫാസ്റ്റ് യു.എ.ഇ. യുടെ കൈത്താങ്ങ്.ഫാസ്റ്റ് യു.എ.ഇ. സ്വരൂപിച്ച പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന സ്കൂൾ ഫർണിച്ചർ അടക്കമുള്ള അവശ്യവസ്‌തുകൾ, 2024 സെപ്റ്റംബർ 2 നു കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മേപ്പാടി ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പുന:പ്രവേശനോത്സവം പരിപാടിയിൽ വെച്ചു കൈമാറി.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി,
പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളു, വനം, വന്യ ജീവി വകുപ്പ് മന്ത്രി ശ്രീ. എ. കെ. ശശീന്ദ്രൻ,
കൽപറ്റ എം.എൽ.എ. ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ,
വയനാട് ജില്ലാ കലക്ടർ ശ്രീമതി ഡി.ആർ. മേഘശ്രീ ഐ.എ.എസ്. തുടങ്ങി സമൂഹത്തിന്റെ വിവിധമേഖലകളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചിരുന്നു
ഫാസ്റ്റ് യു.എ.ഇ പ്രതിനിധികളായി സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ കെ വി രവീന്ദ്രൻ (ചീഫ് പ്ലാനർ ഇത്തിസലാത്ത്) , മുൻ പ്രസിഡന്റ് റഷീദ് അബ്ദുല്ല, എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ്, ഹഫ്നാസ്, സന്ദീപ്, തിരൂർ പോളിടെക്നിക്ക് കമ്പ്യൂട്ടർ വിഭാഗം മേധാവിയും ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രതിനിധിയുമായ ടി.എ. മുഹമ്മദ് സിയാദ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാരെന്നും, വർത്തമാന കാലത്ത് വിദ്യാഭ്യാസം അത്ര മേൽ പ്രധാനമാണെന്നും, ആ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നും ഫാസ്റ്റ് യു.എ.ഇ പ്രതിനിധികളയ സി പി കുഞ്ഞുമൂസ (ലോക കേരള സഭ അംഗം), റാഫി കുന്നത്ത് (പ്രസിഡണ്ട്), റാഷിദ (വൈസ് പ്രസിഡണ്ട്), ഷബീർ ഈശ്വരമംഗലം (ജനറൽ സെക്രട്ടറി), അശോകൻ ചെല്ലപ്പൻ (ട്രഷറർ), ജയ്സൺ ജോസഫ്, മുഹമ്മദ് നഷീദ്, എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു.
വെള്ളാർമലയിലെ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികളുടെ തുടർപ൦നം കേരള സമൂഹത്തിൻറെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് ഫാസ്റ്റ് യുഎഇ മുഖ്യ രക്ഷാധികാരി കൂടിയായ കെവി രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
പ്രകൃതി ദുരന്തം തകർത്ത മേപ്പാടിയിലെയും വെള്ളാർമലയിലെയും കുരുന്നുകൾക്ക് അവരുടെ വിദ്യാഭ്യാസം തുടരാൻ പുനഃപ്രവേശനോത്സവം പരിപാടിയുമായി മുന്നോട്ടു വന്ന അധികാരികളോടും, ഇതിനു വേണ്ടി സഹകരിച്ചവരോടും വിശിഷ്യാ ജി54 എൻജിനീയേർസ് ടീമിനോടും ഫാസ്റ്റ് യു.എ.ഇ. ചാപ്റ്റർ പ്രതിനിധികൾ നന്ദി അറിയിച്ചു.