Gulf

ലോക സമ്പന്നപ്പട്ടികയില്‍ ഒന്നാമൻ മസ്ക് വന്‍ കുതിപ്പുമായി സക്കര്‍ബര്‍ഗ് മലയാളികളിൽ എം.എ.യുസഫലി

Published

on

ആമസോണ്‍ മേധാവി ജെഫ് ബെസോസിനെയും കടത്തിവെട്ടി ലോക സമ്പന്നപ്പട്ടികയില്‍ അതിവേഗ കുതിപ്പുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ജെഫ് ബെസോസിനെ പിന്തള്ളി സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനതെത്തി. ഇനി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് മാത്രമാണ് മുന്നിലുള്ളത്. 50 ബില്യണ്‍ ഡോളറിന്‍റെ വ്യത്യാസമാണ് മസ്കും സക്കര്‍ബര്‍ഗും തമ്മിലുള്ളത്. 256 ബില്യണാണ് മസ്കിന്‍റെ ആസ്തി.


ബ്ലൂം ബെര്‍ഗ് സൂചികപ്രകാരം 206.2 ബില്യണ്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്‍റെ സമ്പാദ്യം (20620 കോടിയിലധികം വരുമിത്). തൊട്ടുപിന്നിലുള്ള ജെഫ് ബെസോസിന് 205 ബില്യണ്‍ ഡോളര്‍, നാലാമതുള്ള ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടിന് 193 ബില്യണ്‍ ഡോളര്‍, അഞ്ചാം സ്ഥാനത്തുള്ള ലാറി എല്ലിസണിന് 179 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ആദ്യ നൂറുപേരുടെ പട്ടികയിൽ 59 പേരും യു.എസ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലോകത്തെ നൂറ് സമ്പന്നരിൽ യു.എസിൽനിന്ന് 35ഉം ഇന്ത്യ, ചൈന രാജ്യങ്ങളിൽനിന്ന് 12 പേർ വീതവും ഇടംപിടിച്ചു. മുകേഷ് അംബാനിയാണ് ഇന്ത്യയിൽനിന്ന് പട്ടികയിൽ മുന്നിൽ. 10,500 കോടി ഡോളർ ആസ്തിയോടെ പതിനാലാം സ്ഥാനത്താണ് മുകേഷ് അംബാനി. 9950 കോടി ഡോളർ ആസ്തിയോടെ പതിനെട്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് ഇന്ത്യയിൽ രണ്ടാമത്.

ബ്ലൂംബെർഗ് പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയാണ്. 645 കേടി ഡോളറിന്‍റെ ആസ്തിയോടെ 487ാം സ്ഥാനത്താണ് യൂസുഫലി.

വ്യാഴാഴ്ച സര്‍വകാല റെക്കോര്‍ഡായ 582.77 ഡോളറിലാണ് മെറ്റ വ്യാപാരം അവസാനിപ്പിച്ചത്. മെറ്റ പ്ലാറ്റ്‌ഫോമുകളുടെ ഓഹരിയിലുണ്ടായ കുതിപ്പാണ് സക്കര്‍ബര്‍ഗിനെ മുന്നിലെത്തിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മെറ്റ ഓഹരികള്‍ 23 ശതമാനം വളര്‍ച്ച നേടിയിരുന്നു. എ ഐ ചാറ്റ്‌ബോട്ടുകളില്‍ കൂടുതല്‍ ഭാഷാ മോഡലുകള്‍ അവതരിപ്പിച്ചതോടെ മെറ്റ പ്ലാറ്റ്‌ഫോമുകള്‍ക്ക് സ്വീകാര്യതയേറി. ഇത് മെറ്റയുടെ ഓഹരികളിലും പ്രതിഫലിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

സക്കര്‍ബര്‍ഗിന്‍റെ  സമ്പത്തിന്‍റെ ഭൂരിഭാഗവും മെറ്റയിലെ 13 ശതമാനം ഓഹരിയാണ്. ഏകദേശം 345.5 ദശലക്ഷം ഓഹരികളാണ് അദ്ദേഹം കൈവശം വച്ചിരിക്കുന്നത്. ഈ വര്‍ഷം മാത്രം അദ്ദേഹത്തിന്‍റെ വരുമാനം കുതിച്ചുയര്‍ന്നത് 71.8 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടാന്‍ സാധ്യതയുള്ള സമ്പന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം ഒന്നാമതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version