Gulf

റോഡിൽ ശല്യമുണ്ടാക്കിയ 101 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

Published

on

അശ്രദ്ധമായി വാഹനമോടിച്ച് റോഡിൽ ബഹളവും ശല്യവുമുണ്ടാക്കിയ ഡ്രൈവർമാർക്കെതിരേ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്. റോഡിൽ മോശമായി പെരുമാറിയ 17 വാഹനങ്ങൾ പിടിച്ചെടുക്കുകയും അപകടകരമായ രീതിയിൽ സ്റ്റണ്ടുകളിൽ ഏർപ്പെട്ട 101 വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ച അൽ മൈദാൻ സ്ട്രീറ്റിലായിരുന്നു പരിശോധനകൾ നടത്തിയതെന്ന് പൊലീസ് ഓപറേഷൻസ് ആക്ടിംഗ് അസിസ്റ്റന്‍റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്‌ഫ് മുഹൈർ അൽ മസ്‌റൂഇ പറഞ്ഞു.

അനധികൃത വാഹന ഉപയോഗം, അമിത ശബ്ദമുണ്ടാക്കൽ, അപകടകരമായ സ്‌റ്റണ്ടുകൾ എന്നിവ തങ്ങളുടെയും, മറ്റുള്ളവരുടെയും ജീവന് ഭീഷണിയാണ്. സുരക്ഷയെ അപകടത്തിലാക്കുകയും സമീപത്തെ ജനങ്ങളെ ശല്യപ്പെടുത്തുകയും ചെയ്‌തതാണ് ഇവർ ചെയ്ത നിയമ ലംഘനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹനം കണ്ടുകെട്ടൽ സംബന്ധിച്ച 2023ലെ ഡിക്രി നമ്പർ 30 പ്രകാരം, വാഹനം വിട്ടുകിട്ടണമെങ്കിൽ നിയമ ലംഘകർ 50,000 ദിർഹം വരെ റിലീസ് ഫീസ് നൽകണമെന്ന് അൽ മസ്‌റൂഇ വിശദീകരിച്ചു. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും അശ്രദ്ധമായ പെരുമാറ്റം മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള സമഗ്ര നയത്തിന്‍റെ ഭാഗമാണ് ദുബായ് പൊലീസിന്‍റെ ശ്രമങ്ങളെന്ന് മേജർ ജനറൽ അൽ മസ്‌റൂയി വ്യക്തമാക്കി.

എന്തെങ്കിലും ഗതാഗത നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്‍റെ സ്‌മാർട്ട് ആപ്പിൽ ലഭ്യമായ ‘പൊലിസ് ഐ’ സേവനത്തിലൂടെയോ, അല്ലെങ്കിൽ 901ൽ ‘വീ ഓൾ ആർ പൊലീസ്’ എന്ന ഹോട്ട്‌ലൈനിലേക്ക് വിളിച്ചോ അക്കാര്യം അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version