Gulf

യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമഷ പ്രിയയെ സഹായിക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Published

on

യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമഷ പ്രിയയെ സഹായിക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

യെമൻ പ്രസിഡന്‍റ് റഷാദ് മുഹമ്മദ് അൽ അലീമി വധശിക്ഷ ശരിവച്ചതോടെ പ്രതീക്ഷകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് നിമിഷ പ്രിയയുടെ ബന്ധുക്കൾ. എന്നാൽ, ഇനിയും സഹായിക്കാനുള്ള സാധ്യതകൾ ആരായുമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്.

നിമിഷ പ്രിയയുമൊത്ത് ക്ലിനിക്ക് നടത്തിയിരുന്ന തലാൽ അബ്ദോ മഹ്ദി എന്നയാളെ കൊലപ്പെടുത്തി എന്നതാണ് നിമിഷ പ്രിയക്കെതിരായ കേസ്.

കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി.

അതിനിടെ യെമന്‍ പൗരനായ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.

ബിസിനസിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് തിരിച്ചുപോയത് നിമിഷ മാത്രമാണ്. ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറുകയായിരുന്നു.

ഭീഷണിപ്പെടുത്തി മതാചാരപ്രകാരം നിമഷ പ്രിയയെ ഇയാൾ വിവാഹം കഴിച്ചു. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ സ്വന്തമാക്കി. പാസ്പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണം വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മര്‍ദിച്ചു.

മഹ്ദിയുടെ മാനസിക- ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മയക്കു മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം പല കഷണങ്ങളായി നുറുക്കി ടാങ്കിൽ ഉപേക്ഷിച്ചു എന്നുമാണ് നിമിഷപ്രിയക്കെതിരായ കേസ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version