ദുബൈ: യു.എ.ഇയുടെ വിജയകരമായ മധ്യസ്ഥതയിൽ 190 റഷ്യ, യുക്രെയ്ൻ ബന്ദികളെ പരസ്പരം കൈമാറി. ആറാം തവണയാണ് തടവുകാരെ കൈമാറുന്നതിന് വിജയകരമായി യു.എ.ഇ മധ്യസ്ഥത വഹിക്കുന്നത്. ഇതോടെ രാജ്യത്തിന്റെ മധ്യസ്ഥ ഇടപെടലുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മൊത്തം തടവുകാരുടെ എണ്ണം 1,558 ആയി. തടവുകാരെ കൈമാറുന്നതിന് സഹകരിച്ചതിന് റഷ്യക്കും യുക്രെയ്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദനം അറിയിച്ചു
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇരു രാജ്യങ്ങളും തമ്മിൽ ബന്ദികളെ മോചിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്നത്. ഇരു രാജ്യങ്ങളുമായുള്ള യു.എ.ഇയുടെ ശക്തമായ ബന്ധവും പങ്കാളിത്തവും പ്രയോജനപ്പെടുത്തിയതിന്റെ ഫലമാണ് മധ്യസ്ഥതയുടെ വിജയമെന്ന് മന്ത്രാലയം പറഞ്ഞു. സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സംരംഭങ്ങളും തുടരുമെന്നും മന്ത്രാലയംവ്യക്തമാക്കി. യു.എസും റഷ്യൻ ഫെഡറേഷനും തമ്മിൽ 2022 ഡിസംബറിൽ രണ്ട് തടവുകാരുടെ കൈമാറ്റം വിജയകരമായി രാജ്യത്തിന്റെ മധ്യസ്ഥതയിൽ നടന്നിരുന്നു”