യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ യുഎസ് സന്ദർശനത്തിന് ഇന്നു തുടക്കം. യുഎഇ പ്രസിഡന്റിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്.
വൈറ്റ്ഹൗസിൽ പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് കമല ഹാരിസുമായും ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഗാസ, സുഡാൻ, യുക്രെയ്ൻ, റഷ്യ വിഷയങ്ങളും രാജ്യാന്തര സമാധാനവും പ്രധാന ചർച്ചാ വിഷയമാകും. ചൈനയുമായുള്ള ബന്ധം, ആട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ), സാങ്കേതികവിദ്യ കൈമാറ്റം, ബഹിരാകാശ പര്യവേക്ഷണം, ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾഎന്നിവയെക്കുറിച്ചും ചർച്ച നടത്തും. രാഷ്ട്രീയ, നയതന്ത്ര മേഖലകൾക്കു പുറമെ മിലിറ്ററി ഇന്റലിജൻസ്, സുരക്ഷ, വ്യാപാര, വാണിജ്യ മേഖലകളിലെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണ്. ഇതു ഊർജിതമാക്കുന്നതിനൊപ്പം പുതിയ മേഖലകളിലും സഹകരണം ശക്തമാക്കും. നിർമിത ബുദ്ധി, ബഹിരാകാശ, എണ്ണ, വാതക, പുനരുപയോഗ ഊർജ രംഗത്തെ സഹകരണം സംബന്ധിച്ചും ചർച്ച ചെയ്യും.