ചൂടില്‍ നിന്നും പൊടിക്കാറ്റില്‍ നിന്നും ഇനി യുഎഇ ജനതയ്ക്ക് വിരാമം. യുഎഇയില്‍ ഇനി തണുപ്പിന്റെ നാളുകള്‍. ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കുന്ന വാസ്മി സീസണ്‍ ഡിസംബര്‍ ആറ് വരെ നീണ്ടുനില്‍ക്കും. അറബ് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഈ സീസണ്‍, കടുത്ത വേനല്‍ ചൂടില്‍ നിന്നുള്ള വിശ്രമത്തിനും ശീതകാല തണുപ്പിന്റെ മുന്നോടിയായും സ്വാഗതം ചെയ്യുന്നു.
അല്‍ വാസ്മി സഫാരി സീസണിനെ പിന്തുടരുകയും സുഹൈല്‍ എന്ന നക്ഷത്രം ഉദിച്ചുയരുമ്പോള്‍ ശരത്കാലത്തിന്റെ ആഗമനത്തെ അടയാളപ്പെടുത്തുകയും ചെയ്‌തെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ചെയര്‍മാനും അറബ് യൂണിയന്‍ ഫോര്‍ സ്‌പേസ് സയന്‍സസ് ആന്‍ഡ് അസ്‌ട്രോണമി അംഗവുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു.
ഡിസംബര്‍ ആറ് വരെ നീണ്ടുനില്‍ക്കുന്ന വാസ്മി സീസണ്‍ ശൈത്യകാലത്തിന്റെ ആദ്യഘട്ടത്തിന്റെ തുടക്കമായി കണക്കാക്കുന്നു. പകല്‍ സമയം താപനില മിതമായതോ നേരിയതോ ആയ രീതിയിലായിരിക്കും. രാത്രി സമയങ്ങളില്‍ ചെറിയ തോതില്‍ തണുപ്പിലേക്ക് മാറും. എന്നാല്‍, ഡിസംബര്‍ മാസത്തിലേക്ക് എത്തുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെടും. ശൈത്യകാലത്തിന്റെ ആദ്യ ലക്ഷണങ്ങളെ ഇത് സൂചിപ്പിക്കുന്നു.