അധ്യാപകർക്ക് മികച്ച അവസരം നൽകുന്ന രാജ്യമായ യുഎഇയിൽ അടുത്ത അധ്യയന വർഷത്തിൽ ആവശ്യമുള്ളത് തൊളളായിരത്തിൽ അധികം അധ്യാപകരെ. ദുബൈയിൽ മാത്രം 700 അധ്യാപകരുടെ ഒഴിവാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റ് എമിറേറ്റുകളിൽ വന്നിരിക്കുന്ന ഒഴിവുകൂടി ഇതോടൊപ്പം കൂടുന്നതോടെ ഇത് 906 ആയി വർധിക്കും. അധ്യയന വർഷം ആരംഭിക്കാൻ ഇനിയും ആറു മാസത്തിൽ അധികം ബാക്കിയുണ്ടെന്നിരിക്കേ ഒഴിവുകളുടെ എണ്ണം ആയിരത്തിന് മുകളിലേക്കു ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓൺലൈൻ റിക്രൂട്ടിങ് വെബ്സൈറ്റായ ടിഇഎസ് ആണ് രാജ്യത്തെ അധ്യാപകരുടെ ഒഴിവുകളുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ദുബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഒഴിവുള്ളത് അബുദാബിയിലാണ്. ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് 130 അധ്യാപകരുടെ ഒഴിവാണ്. റാസൽഖൈമ, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലും നൂറിന് താഴെയായി അധ്യപക ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മാത്‌സ്, സയൻസ് എന്നിവക്കൊപ്പം ഭാഷാ അധ്യാപകർക്കുമാണ് കൂടുതൽ അവസരം ലഭിക്കുക.
ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡുമാണ് യോഗ്യത. അധ്യാപക പരിചയമുള്ളവർക്ക് മുൻഗണനയുമുണ്ട്. ഈ മാസം അവസാനത്തോടെ അപേക്ഷ തരംതിരിച്ച് ജൂണിൽ റിക്രൂട്ട്മെന്റ് പൂർത്തിയാക്കാനാണ് വിദ്യാലയങ്ങൾ പദ്ധയിടുന്നത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്രൂപ്പ്, തലീം ഗ്രൂപ്പ് തുടങ്ങിയ മാനേജ്മെൻ്റുകളെല്ലാം മികച്ച അധ്യാപകരെ തേടുന്ന തിരക്കിലാണ്.