യു എ ഇയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ മൂലം ആകാശത്ത് വട്ടമിട്ട് പറന്നു. മണിക്കൂറുകളോളം ഭീതിജനകമായ നിമിഷങ്ങള്‍ക്ക് ശേഷം ഒടുവില്‍ വിമാനം താഴെയിറക്കി. 140 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ട ത്രിച്ചി – ഷാര്‍ജ വിമാനമാണ് ആകാശത്ത് വട്ടിമിട്ടു പറന്നത്.
വൈകുന്നേരം 5.43 ന് ത്രിച്ചി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് ഏറെ വൈകാതെ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു.ഹൈഡ്രോളിക് തകരാറിനെക്കുറിച്ച് പൈലറ്റ് എയര്‍ സ്റ്റേഷനില്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
യാത്രക്കാര്‍ സുരക്ഷിതരാണെന്നും ബന്ധുക്കള്‍ ഭയക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
ലാന്‍ഡിംഗ് ഗിയര്‍, ബ്രേക്കുകള്‍, ഫ്‌ലാപ്പുകള്‍ എന്നിവ പോലുള്ള പ്രധാന ഭാഗങ്ങള്‍ നിയന്ത്രിക്കാന്‍ സമ്മര്‍ദ്ദമുള്ള ദ്രാവകം ഉപയോഗിക്കുന്ന സിസ്റ്റം ശരിയായി പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുമ്പോഴാണ് ഒരു വിമാനത്തില്‍ ഹൈഡ്രോളിക് തകരാര്‍ ഉണ്ടാകുന്നത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനം സുരക്ഷിതമായി ഇറക്കാന്‍ കഴിയുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചിരുന്നു.ലാന്‍ഡിംഗ് ഗിയര്‍ ഉപയോഗിക്കാതെ വിമാനം ലാന്‍ഡ് ചെയ്യുന്ന ബെല്ലി ലാന്‍ഡിംഗാണ് വിമാനത്താവളത്തില്‍ നടന്നത്.മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ആംബുലന്‍സുകളും റെസ്‌ക്യൂ ടീമുകളും സജ്ജമായിരുന്നു.