യുഎഇയിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത, യുഎഇ നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ രാജ്യത്ത് കൊണ്ടുവരാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) യാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, 30, 60, 90 ദിവസ കാലാവധിയുള്ള വിസയിൽ കൊണ്ടുവരാനാണ് അനുമതിയെന്നും അധികൃതർ വ്യക്തമാക്കി. തുല്യകാലയളവിലേക്ക് പുതുക്കാനും സാധിക്കും. ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. എന്നാൽ വിസ കാലാവധിക്ക് ശേഷം രാജ്യം വിടാത്തവർക്കെതിരെ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം
ഐസിപി വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ഡിജിറ്റൽ ഐഡി (യുഎഇ പാസ്) ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ശേഷം, വിസ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ തിരഞ്ഞെടുക്കണം. പിന്നീട് വിസിറ്റ് എ റിലേറ്റീവ് ഓർ ഫ്രണ്ട് എന്ന ഓപ്ഷനിൽ ആവശ്യമുള്ള കാലാവധി തിരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങൾ നൽകി ഫീസ് അടച്ചാൽ അപ്പോൾ തന്നെ ഡിജിറ്റലായി വിസ ലഭിക്കും. വ്യക്തിയുടെ പേരും വിലാസവും തെറ്റാതെ നൽകിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷകന് 6 മാസ കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഉണ്ടായിരിക്കണം. വീസ ഉടമ യുഎഇ പൗരന്റെയോ യുഎഇ വീസക്കാരന്റെയോ സുഹൃത്തോ ബന്ധുവോ ആയിരിക്കണം.