യുഎഇ സമൂഹത്തിന്‍റെ വളർച്ചക്ക് വേണ്ടി നിർണായക സംഭാവനകൾ നൽകിയ രണ്ട് ദേശീയ വ്യക്തിത്വങ്ങളെ യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു. അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, പ്രസിഡൻഷ്യൽ കോടതിയിലെ വികസന കാര്യാലയത്തിന്‍റെയും രക്തസാക്ഷി കുടുംബകാര്യങ്ങളുടെയും ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെയാണ് മുഹമ്മദ് ബിൻ റാഷിദ് ഗവൺമെന്‍റ് എക്സലൻസ് അവാർഡ് ദാന ചടങ്ങിൽ ആദരിച്ചത്.
അജ്മാനിലെ സർക്കാർ സംവിധാനം വികസിപ്പിക്കുന്നതിലും ഫെഡറൽ ഗവൺമെന്‍റുമായി ഫലപ്രദമായ പങ്കാളിത്തം വളർത്തിയെടുക്കുന്നതിലും ഷെയ്ഖ് അമ്മാർ വഹിച്ച പങ്കിനെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.
ദേശീയ റെയിൽവേ പദ്ധതിയായ ഇത്തിഹാദ് റെയിൽ ഉൾപ്പെടെയുള്ള പ്രധാന ദേശീയ പദ്ധതികളുടെ നിർവഹണത്തിന് കാര്യക്ഷമമായ നേതൃത്വം നൽകിയതിനാണ് ഷെയ്ഖ് തിയാബിനെ ആദരിച്ചത്.
എമിറേറ്റ്‌സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്‌മെന്‍റിലൂടെ അദ്ദേഹം മേൽനോട്ടം വഹിക്കുന്ന എമിറേറ്റ്‌സ് വില്ലേജുകൾ പോലുള്ള കമ്മ്യൂണിറ്റി സംരംഭങ്ങൾ അദ്ദേഹത്തിന്റെ നേതൃമികവിന്‍റെ സാക്ഷ്യങ്ങളാണ്.
യുഎഇയിലെ മികച്ച മന്ത്രാലയം, മികച്ച അതോറിറ്റി, മികച്ച ഡയറക്ടർ ജനറൽ, മികച്ച ഫെഡറൽ ജീവനക്കാരൻ, മികച്ച അധ്യാപകൻ, മികച്ച സ്കൂൾ പ്രിൻസിപ്പൽ തുടങ്ങി വിവിധ വിഭാഗങ്ങളിലെ നേട്ടങ്ങൾക്കും മുഹമ്മദ് ബിൻ റാഷിദ് ഗവൺമെന്‍റ് എക്സലൻസ് അവാർഡ് ദാന ചടങ്ങ് അംഗീകാരം നൽകി.
പൊതുജനങ്ങളെ സേവിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങളെയും ആശയവിനിമയം, നവീകരണം, നിയമനിർമ്മാണം, വികസനം എന്നിവയിൽ മികവ് പുലർത്തുന്നവരെയും ചടങ്ങിൽ അഭിനന്ദിച്ചു.
സർക്കാരിന്‍റെ പ്രകടനം നിരീക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ദൃഢമായി തുടരുന്നുവെന്നും ഭാവിയിലേക്കുള്ള യുഎഇയുടെ മുന്നേറ്റം ആരും തടയില്ലെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
130-ലധികം വരുന്ന എമിറാത്തികളും അന്താരാഷ്ട്ര വിദഗ്ദ്ധരും അടങ്ങുന്ന സംഘം നടത്തിയ സമഗ്രമായ മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് ഈ വർഷം 27 സ്ഥാപനങ്ങളിൽ നിന്നുള്ള 225 ഉദ്യോഗാർത്ഥികളെ അവാർഡുകൾക്കായി തെരഞ്ഞെടുത്തത്.