അബുദാബി ∙ യുഎഇയിൽ റസിഡൻസ് വീസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പരമാവധി 20,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി) ഓർമിപ്പിച്ചു. 14 ഇനം നിയമലംഘനങ്ങൾക്കാണ് ദിവസത്തിൽ 20ദിർഹം മുതൽ പരമാവധി 20,000 ദിർഹം വരെ പിഴ.
എമിറേറ്റ്സ് ഐഡി റജിസ്ട്രേഷന് കാലതാമസം വരുത്തുക, കാലാവധി കഴിഞ്ഞിട്ടും 30 ദിവസത്തിനകം പുതുക്കാതിരിക്കുക എന്നിവയയ്ക്ക് ദിവസേന 20 ദിർഹം ഈടാക്കും. പരമാവധി 1000 ദിർഹമാണ് ഈ ഇനത്തിൽ പിഴ ചുമത്തുക. കമ്പനി ജീവനക്കാരല്ലാത്തവരുടെ പാസ്പോർട്ട് നടപടികൾ പിആർഒ നിർവഹിക്കുക, കമ്പനി ഇ–ദിർഹം കാർഡ് ഉപയോഗിച്ച് പുറത്തുള്ളവരുടെ ഇടപാട് നടത്തുക, ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ രേഖ മറച്ചുവയ്ക്കുക, പിആർഒ കാർഡ് കൈവശം വയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 500 ദിർഹം വീതമാണ് പിഴ.