ഫിനാൻഷ്യൽ കൺസൾട്ടൻസിയായ ആർടൺ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാസ്പോർട്ട് സൂചിക പ്രകാരം യുഎഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ് പോർട്ടുകളുടെ പട്ടികയിൽ ഇടം പിടിച്ചു. യുഎഇ പാസ്പോർട്ട് ഉടമകൾക്ക് ഇനി ലോകമെമ്പാടുമുള്ള 180 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് വിസാ രഹിത പ്രവേശനം നേടാം. യുഎഇ പാസ്സ്പോർട്ടുടമകൾക്ക് 53 രാജ്യങ്ങൾ ഇപ്പോൾ വിസാ-ഓൺ-അറൈവൽ, അല്ലെങ്കിൽ ഇവിസ അനുവദിക്കുന്നുണ്ട്.
ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട198 രാജ്യങ്ങളിൽ 18 രാജ്യങ്ങളിലേക്ക് മാത്രമേ മുൻകൂട്ടി അംഗീകാരമുള്ള വിസ ആവശ്യമുള്ളൂ. ഇതുമായി ബന്ധപ്പെട്ട റാങ്കിങ്ങിൽ 180 വിസാ രഹിത ലക്ഷ്യ സ്ഥാനങ്ങളുമായി യുഎഇ മുന്നിലാണ്. അതിനു തൊട്ടു താഴെ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് സ്പെയിൻ ആണ്. 179 രാജ്യങ്ങളിലേക്ക് സ്പെയിൻ പാസ്പോർട്ട് മുഖേനെ പ്രവേശനം ലഭിക്കും.
മൂന്നാം സ്ഥാനത്തുള്ളത് 178 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവയുൾപ്പെടെ 14 രാജ്യങ്ങൾ ആണ്. സ്വീഡൻ, പോളണ്ട്, ഹംഗറി എന്നിവ 177 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം നേടി നാലാം സ്ഥാനത്ത് നിൽക്കുന്നു. അഞ്ചാം സ്ഥാനത്ത് ചെക്ക് റിപ്പബ്ലിക്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ്. ഇവിടങ്ങളിലുള്ള പരന്മാർക്ക് 176 രാജ്യങ്ങളിലേക്ക് പ്രവേശനമുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) 21 വയസോ അതിൽ കൂടുതലോ ഉള്ള യുഎഇ പൗരന്മാർക്ക് 10 വർഷം വരെ കാലാവധിയുള്ള യുഎഇ പാസ്പോർട്ടുകൾ നൽകാനുള്ള പുതിയ സംരംഭം പ്രഖ്യാപിച്ചിട്ടുണ്ട്.