യുഎഇയിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പുലർച്ചെ ഒരു മണി മുതൽ അറേബ്യൻ ഗൾഫിൽ ചില സമയങ്ങളിൽ തിരമാലകൾ ആറടി വരെ ഉയരുമെന്നും തിങ്കളാഴ്ച പുലർച്ചെ ഒരു മണി വരെ കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
യെല്ലോ അലേർട്ട് എന്നതിനർത്ഥം ഔട്ട്ഡോർ ആക്ടിവിറ്റികളിൽ പങ്കെടുക്കുകയാണെങ്കിൽ ജാഗ്രത പുലർത്തണമെന്നുള്ളതാണ്. ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചിലപ്പോൾ പൊടി ഉയർന്നേക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. ദൂരകാഴ്ച കുറഞ്ഞേക്കും. അബുദാബിയിലും ദുബായിലും യഥാക്രമം 41 ഡിഗ്രി സെൽഷ്യസും 43 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. പർവതങ്ങളിൽ ഈർപ്പം 15 ശതമാനം വരെ താഴ്ന്നേക്കാം, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 80 ശതമാനം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്