Gulf

യുഎഇ ഇന്ത്യയില്‍ ധാരാളം നിക്ഷേപം നടത്തുന്നുണ്ടെന്നും ഉഭയകക്ഷി ബന്ധം ശക്തമാണെന്നും എംഎ യൂസഫലി

Published

on

അബുദാബി: യുഎഇ ഇന്ത്യയില്‍ ധാരാളം നിക്ഷേപം നടത്തുന്നുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നും മലയാളി വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി. ഇരു രാജ്യങ്ങളും അവരുടെ ബന്ധങ്ങളും അനുദിനം വളരുകയാണെന്നും അബുദാബി ചേംബര്‍ ആതിഥേയത്വം വഹിച്ച ഇന്ത്യയിലെയും യുഎഇയിലെയും വ്യവസായ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎഇ ഇന്ത്യയില്‍ നിന്ന് ധാരാളം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തുവരുന്നു. യുഎഇ ഇന്ത്യയിലേക്ക് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നു. അതിനാല്‍ ബന്ധം വളരെ ശക്തമാണ്. യുഎഇ ഇന്ത്യയില്‍ ധാരാളം നിക്ഷേപം നടത്തുന്നുണ്ടെന്നും യുഎഇ-ഇന്ത്യ വ്യാപാരത്തെക്കുറിച്ച് സംസാരിക്കവെ യൂസഫലി പറഞ്ഞു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി വരികയാണ്. മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ മൂന്നുതവണ ഇന്ത്യ സന്ദര്‍ശിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനവും ഇരു രാഷ്ട്രനേതാക്കളും തമ്മിലുള്ള വ്യക്തിബന്ധവും ഉഭയകക്ഷി, വാണിജ്യ, നിക്ഷേപവും ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചലനാത്മക നേതൃത്വത്തിന് കീഴില്‍ ഇന്ത്യ വളര്‍ന്നുവരുന്ന ശക്തിയായും ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായും മാറി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിലുള്ള യുഎഇ ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം വിലയിരുത്തി.

സമാധാനം, സ്ഥിരത, സാമ്പത്തിക പുരോഗതി എന്നിവയിലാണ് യുഎഇയും ഇന്ത്യയും പൊതുവായി ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി ഇന്ത്യക്കാര്‍ യുഎഇയുടെ സമ്പദ്‌വ്യവസ്ഥയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയുടെയും വികാസത്തിന്റെയും അവിഭാജ്യ ഘടകമാണ്. 35.4 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഇവിടെ ഏറ്റവും മാന്യതയോടെയും ബഹുമാനത്തോടെയും തൊഴില്‍ചെയ്ത് ജീവിക്കുന്നു.

അബുദാബി സുരക്ഷിതമായി ജോലി ചെയ്യാനും ജീവിക്കാനുമുള്ള സ്ഥലമാണെന്നും പ്രതിഭകള്‍ക്കും പുതുമയുള്ളവര്‍ക്കും സംരംഭകര്‍ക്കും വേണ്ടിയുള്ള ഇന്‍കുബേറ്ററാണെന്നും ഇന്ത്യയും യുഎഇയും കൂടുതല്‍ സഹകരണത്തോടെ മുന്നോട്ടുപോകുമെന്നും അബുദാബി ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയുടെ മേധാവി അഭിപ്രയപ്പെട്ടു.

ഏകദേശം എട്ട് ബില്യണ്‍ യുഎസ് ഡോളറാണ് ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ്. ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഷോപ്പിങ് മാള്‍ വികസനം, ചരക്കുകളുടെ നിര്‍മാണം, വ്യാപാരം, ഭക്ഷ്യ സംസ്‌കരണ പ്ലാന്റുകള്‍, മൊത്തവിതരണം, ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങള്‍, റിയല്‍ എസ്റ്റേറ്റ് വികസനം എന്നീ മേഖലകളിലും ലുലു പ്രവര്‍ത്തിച്ചുവരുന്നു. 23 രാജ്യങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍.

ഇന്ത്യയില്‍ കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, ബെംഗളൂരു, ലഖ്‌നൗ എന്നിവിടങ്ങളിലായി ലുലുവിന് അഞ്ച് വന്‍കിട മാളുകളുണ്ട്. പശ്ചിമ ബംഗാളില്‍ മത്സ്യ, മാംസ സംസ്‌കരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ലുലു നിക്ഷേപമിറക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം ലുലു ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്‌റഫ് അലിയുമായി ദുബായില്‍ മമത കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് ലുലു സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കായി പഴങ്ങളും പച്ചക്കറികളും സംഭരിക്കാനും ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ലുലു ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപ നിക്ഷേപിക്കാനും 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version