യുഎഇയിൽ സന്ദർശക വിസ നിയമങ്ങൾ കർശനമാക്കി. സന്ദർശക വിസ ലഭിക്കാൻ റിട്ടേൺ ടിക്കറ്റും ഹോട്ടൽ ബുക്കിംഗ് രേഖകളും നിർബന്ധമാക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സന്ദർശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങാത്തവരുടെ എണ്ണം വർധിച്ചതോടെയാണ് നിയമങ്ങൾ കർശനമാക്കാൻ യുഎഇ തീരുമാനിച്ചത്. യുഎഇയിലേക്ക് വിസിറ്റ് വിസയ്ക്ക് അപേക്ഷിച്ചാൽ നിരസിക്കപ്പെടുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. ഇതിന് കാരണങ്ങൾ പലതാണ്. പ്രധാനമായും അപേക്ഷിക്കുന്നവരിൽ പലരും കൃത്യമായ രേഖകൾ ഹാജാരാക്കുന്നില്ല എന്ന് തന്നെയാണ്. വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രധാനമായും വേണ്ടത് മൂന്ന് കാര്യങ്ങളാണ്. രാജ്യത്ത് വിനോദസഞ്ചാരികളായി എത്തുന്നവർ എന്ന നിലയ്ക്കാണ് വിസിറ്റ് വിസയിലെത്തുന്നവരെ ഈ രാജ്യം കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ നിശ്ചിത കാലത്തെ വിസിറ്റ് വിസയിലെത്തുന്നവർ വിസ കാലാവധി അവസാനിക്കുമ്പോൾ തിരിച്ചുപോകണം. അതിനാൽ തന്നെ ആദ്യം വേണ്ടത് തിരിച്ച് പോകാനുളള ടിക്കറ്റാണ്. യുഎഇയിൽ എത്തിയാൽ താമസിക്കുന്നതിനുളള സ്ഥലം (ഹോട്ടൽ ബുക്കിങ്ങോ, ബന്ധുക്കളുടെ താമസ രേഖയോ) ഉണ്ടായിരിക്കണം. കൂടാതെ ഇവിടെ തങ്ങുന്നതിന് ആവശ്യമായ പണത്തിൻറെ സോഴ്സ് എന്നിവ ഉണ്ടായിരിക്കണം. ഈ മൂന്ന് രേഖകളും കൃത്യമായാൽ വിസിറ്റ് വിസ ലഭിക്കും. യുഎഇ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ്.