യുഎഇലെ ഇന്ത്യക്കാരുടെ എണ്ണം 39 ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നതായി ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ വെളിപ്പെടുത്തി. യുഎഇയുടെ ഭാവി വീക്ഷണത്തേയും വളർച്ചയെയും നയിക്കുന്നത് ഇവിടെയുള്ള ഇന്ത്യൻ പ്രവാസി സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് എക്കൗണ്ട്സ് ഓഫ് ഇന്ത്യ(ഐസിഎഐ) ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോൺസുൽ ജനറൽ.
സാമ്പത്തിക രംഗത്ത് വളരെ വേഗം ഗ്ലോബൽ ഹബ്ബായി ദുബൈ മാറിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിൻ്റെ സംഭാവന വളരെ വലുതാണ്. ഹെൽത്ത് കെയർ, റിയൽ എസ്‌റ്റേറ്റ് തുടങ്ങിയ ധാരാളം മേഖലകളിലെ പ്രൊഫഷണലായ സംഭാവനക്കുപരി ഇരുരാജ്യങ്ങൾക്കുമിടിയിൽ സാംസ്‌കാരികമായ പാലം തീർക്കുന്നതിലും ഈ സമൂഹത്തിന്റെ സേവനങ്ങൾ വിലപ്പെട്ടതാണ്.
2012ൽ യുഎയിൽ ഉണ്ടായിരുന്നത് 22 ലക്ഷം ഇന്ത്യാക്കാരായിരുന്നെങ്കിൽ ഇന്ന് അത് 39 ലക്ഷമായി ഉയർന്നിരിക്കുന്നു. ഇന്ത്യയും യുഎഇയും തന്ത്രപ്രധാന രംഗങ്ങളിൽ വളരെ അടുത്ത് സഹകരിക്കുന്ന രാഷ്ട്രങ്ങളാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ. ഇന്ത്യക്കാർക്ക് വളരാൻ അവസരം നൽകിയ യുഎഇ ഭരണാധികാരികളോട് നന്ദിയുണ്ട്.