ദുബായ്: യുഎഇയിലെ ദുബായില്‍ നിങ്ങളുടെ പ്രോപര്‍ട്ടി നിക്ഷേപ ആസ്തിയുടെ മൂല്യം 20 ലക്ഷം ദിര്‍ഹം കടന്നാല്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാനാവും. ഇതിനായി പ്രോപര്‍ട്ടിയുടെ മൂല്യം വിലയിരുത്താന്‍ ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിന് (ഡിഎല്‍ഡി) അപേക്ഷ നല്‍കുകയാണ് ആദ്യ നടപടി. ഡിഎല്‍ഡിയുടെ റിയല്‍ എസ്റ്റേറ്റ് സര്‍വീസസ് ട്രസ്റ്റി ഓഫീസുകള്‍ വഴിയും ദുബായ് REST ആപ്പ് വഴിയും മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യാം.
എല്ലാ രേഖകളും സമര്‍പ്പിച്ച ശേഷം പരിശോധനയക്കായി 4,000 ദിര്‍ഹം അടയ്ക്കണം. ഇതിനു പുറമേ ഇന്നൊവേഷന് ഫീസ്, നോളജ് ഫീസ് എന്നിവയ്ക്ക് 10 റിയാല്‍ വീതവും നല്കിയാല് ഇവാലുവേഷന്‍ ആരംഭിക്കും. ക്രെഡിറ്റ് കാര്‍ഡ് വഴിയോ പണമായോ ഇ-പേ വഴിയോ ഫീസടയ്ക്കാം. പരമാവധി എട്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ മൂല്യനിര്‍ണയ സര്‍ട്ടിഫിക്കറ്റ് ഇ-മെയില്‍ വഴി ലഭിക്കും.
രണ്ടോ അതിലധികമോ പ്രോപ്പര്‍ട്ടികളുടെ മൂല്യം സംയോജിപ്പിച്ച് 20 ലക്ഷം ദിര്ഹമെത്തിയാലും ഒരു നിക്ഷേപകന് ദീര്‍ഘകാല റെസിഡന്‍സിക്ക് അപേക്ഷിക്കാം. കൊവിഡിന് ശേഷം ദുബായിലെ അപ്പാര്‍ട്ട്മെന്റുകളുടെയും വില്ലകളുടെയും നിരക്ക് 20 ലക്ഷം ദിര്‍ഹത്തിന് മുകളിലാണ്. 2023ന്റെ ആദ്യ പകുതിയില്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിച്ചത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 52 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.
സ്വദേശി, വിദേശ നിക്ഷേപകരില്‍ നിന്നും താമസക്കാരില്‍ നിന്നുമുള്ള ആവശ്യകതയുടെ പശ്ചാത്തലത്തില്‍ ദുബായിലെ ഡൗണ്ടൗണ്, പാം ജുമൈറ, ദുബായ് ഹില്‍സ് എന്നിവിടങ്ങളില്‍ വസ്തുവിലയില്‍ വന്‍ വര്‍ധനയുണ്ടായി. അപ്പാര്‍ട്ട്മെന്റുകളുടെയും വില്ലകളുടെയും പ്രാരംഭ വില തന്നെ 20 ലക്ഷം ദിര്‍ഹം കടന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ 15 ലക്ഷം ദിര്‍ഹമായിരുന്നു ലോഞ്ച് വില.
യുഎഇയുടെ അഭിമാനകരമായ ഗോള്‍ഡന്‍ വിസയ്ക്ക് വിദേശികള്‍ക്കിടയില്‍ ഏറെ ആവശ്യക്കാരുണ്ട്. വിസ അസാധുവാകാതെ ആറ് മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്ത് താമസിക്കാമെന്നത് ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ജീവിത പങ്കാളി, മക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അവരുടെ പ്രായം പരിഗണിക്കാതെ സ്പോണ്സര് ചെയ്യാനുമാവും. പരിധിയില്ലാതെ വീട്ടുജോലിക്കാരെ സ്പോണ്സര് ചെയ്യാമെന്നതും ഗോള്‍ഡന്‍ വിസയുടെ പ്രാഥമിക ഉടമ അന്തരിച്ചാലും കുടുംബത്തിന് അവരുടെ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നത് വരെ യുഎഇയില്‍ തുടരാമെന്നതും പ്രത്യേകതകളാണ്.
2022 നവംബര്‍ വരെ, യോഗ്യരായ പ്രോപ്പര്‍ട്ടി നിക്ഷേപകര്‍, സംരംഭകര്‍, പ്രൊഫഷണലുകള്‍, ശാസ്ത്രജ്ഞര്‍, മികച്ച വിദ്യാര്‍ത്ഥികള്‍, മറ്റുള്ളവര്‍ എന്നിവര്‍ക്കായി ദുബായ് ഒന്നര ലക്ഷത്തിലധികം ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചിട്ടുണ്ട്.