റിയാദ്: തുടര്‍ച്ചയായി മൂന്ന് മാസത്തെ ശമ്പളം വൈകുന്ന സാഹചര്യത്തില്‍ തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലാളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ശമ്പളം വൈകുന്ന സാഹചര്യത്തില്‍ തൊഴിലുടമയുടെ എല്ലാ സേവനങ്ങളും നിര്‍ത്തലാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
മദദിലൂടെ തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യാന്‍ വൈകുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിച്ച സമയം 30 ദിവസത്തില്‍ നിന്ന് 10 ദിവസമായി കുറച്ചു. ജീവനക്കാര്‍ക്ക് കമ്പനിയുടെ ന്യായങ്ങള്‍ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള സമയപരിധിയും കുറച്ചിട്ടുണ്ട്. മദദ് പ്ലാറ്റ്‌ഫോം നേരത്തെ വ്യക്തമാക്കിയ സമയപരിധിയായ ഏഴ് ദിവസത്തില്‍ നിന്ന് മൂന്ന് ദിവസമായാണ് കുറച്ചത്. നിശ്ചിത കാലയളവിനുള്ളില്‍ തൊഴിലാളി ന്യായീകരിക്കുന്നില്ലെങ്കില്‍ സ്ഥാപനത്തിന്റെ പ്രതിനിധി സമര്‍പ്പിച്ച ന്യായീകരണം സ്വയമേവ പ്രോസസ്സ് ചെയ്യപ്പെടും.
സോഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തിനായി സ്ഥാപനങ്ങളെയും ജീവനക്കാരെയും കുറിച്ചുള്ള ഡാറ്റ നല്‍കുന്നത് മദാദ് പ്ലാറ്റ്ഫോം വഴിയാണ്. ഇത് ജീവനക്കാരുടെ ശമ്പള ഡാറ്റ അപ്ഡേറ്റ് ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്യുന്നു. വളരെ ചെറുത് (മൈക്രോ), ചെറുകിട, ഇടത്തരം, വലിയ വിഭാഗത്തില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് ഈ സേവനം ലഭ്യമാണ്. ഇതിനായി ഒമ്പതോ അതില്‍ കുറവോ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ നിന്ന് 460 റിയാലും 10 മുതല്‍ 29 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് 575 റിയാലും 30നും 59നും ഇടയില്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് 690 റിയാലും 60 നും 99 നും ഇടയില്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് 805 റിയാലും ഫീസ് ചുമത്തുന്നു.
നൂറിനും ആയിരത്തിനുമിടയില്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ ഫീസ് 920 റിയാലാണ്. സബ്സ്‌ക്രിപ്ഷന്‍ ഉള്ള സ്ഥാപനങ്ങള്‍ ശമ്പളം കൈകാര്യം ചെയ്യുന്നതിന് ബാങ്കുകളുമായി കരാര്‍ ഒപ്പിടേണ്ടതില്ല. മദദ് പ്ലാറ്റ്ഫോമുമായി സ്ഥാപനം കരാറിലേര്‍പ്പെട്ടില്ലെങ്കില്‍ മാത്രം ബാങ്കുകളുമായി കരാര്‍ ഉണ്ടാക്കിയാല്‍ മതിയാവും.
സോഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ചേര്‍ത്തിട്ടില്ലാത്ത പാര്‍ട്ട് ടൈം തൊഴിലാളികളെ പോലുള്ളവരെയും മദദ് പ്ലാറ്റ്‌ഫോമിലേക്ക് ചേര്‍ക്കാന്‍ സാധിക്കും. ജീവനക്കാരുടെ ശമ്പളം കൈമാറുന്നതിന് മുമ്പ് കിഴിവുകളോ അലവന്‍സുകളോ ബോണസുകളോ ചേര്‍ക്കാനും അനുവദിക്കുന്നു. ഒരു മാസത്തില്‍ ഒന്നിലധികം തവണ ശമ്പളം നല്‍കാനും ഓരോ തവണയും പരിമിതമായ എണ്ണം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും അവസരമുണ്ട്. സോഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തിലേക്ക് ചേര്‍ക്കാത്ത ജീവനക്കാരെ മദദ് പ്ലാറ്റ്ഫോം വഴി അതിലേക്ക് ചേര്‍ക്കുകയും ചെയ്യാം.