മുൻ യുഎസ് പ്രസിഡന്‍റ് ജിമ്മി കാർട്ടറിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയുടെ നല്ല സുഹൃത്തായിരുന്ന മുൻ യുഎസ് പ്രസിഡന്‍റ് ജിമ്മി കാർട്ടറിന്‍റെ കുടുംബത്തിന് ആത്മാർഥമായ അനുശോചനം അറിയിക്കുന്നുവെന്ന് യുഎഇ യുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്‍റെയും ജിമ്മി കാർട്ടറിന്‍റെയും ഹൃദയസ്പർശിയായ ഫോട്ടോ പങ്കിട്ടുകൊണ്ട് ഷെയ്ഖ് മുഹമ്മദ് കുറിച്ചു.
ഷെയ്ഖ് സായിദുമായി ചേർന്ന് രോഗ നിർമ്മാർജ്ജന ശ്രമങ്ങൾക്ക് അദ്ദേഹം അടിത്തറയിട്ടുവെന്നും അത് ഇന്നും തുടരുകയാണെന്നും യുഎഇ പ്രസിഡന്‍റ് ഓർമിച്ചു.
1977 മുതൽ 1981 വരെ അമേരിക്കൻ പ്രസിഡന്‍റായിരുന്ന ജിമ്മി കാർട്ടർ നൊബേൽ സമ്മാന ജേതാവ് കൂടിയായിരുന്നു.