ബെനഡിക്‌ട് പതിനാറാമൻ മാർപ്പാപ്പയുടെ (95) സംസ്കാരച്ചടങ്ങുകൾ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാരംഭിക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ലളിതമായാണ് ചടങ്ങുകൾ നടത്തുന്നത്. വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പ കാർമ്മികത്വം വഹിക്കും. 600 വർഷത്തിനിടെ ആദ്യമായാണ് പദവിയിൽ തുടരുന്ന മാർപാപ്പ തന്റെ മുൻഗാമിയ്ക്കായി അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ നിലവറയിൽ ജോൺ പോൾ രണ്ടാമനെ ആദ്യം അടക്കം ചെയ്തയിടത്തിന് സമീപത്താകും ബെനഡിക്‌ട് പതിനാറാമന്റെ കല്ലറ.
സംസ്‌കാച്ചടങ്ങിൽ പങ്കെടുക്കാൻ ഇറ്റലി, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് മാത്രമേ പ്രതിനിധികളെ വത്തിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചിട്ടുള്ളൂ. ജർമ്മനിയിൽ നിന്ന് പ്രസിഡന്റ് ഫ്രാങ്ക് – വാൾട്ടർ സ്റ്റെയ്‌ൻമെയർ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി എന്നിവർ പങ്കെടുക്കും.കർദിനാൾ തിരുസംഘം ഡീൻ ജൊവാന്നി ബത്തിസ്തറെ കുർബാന അർപ്പിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയസ് ക്ലീമീസ് കാതോലിക്കാബാവാ, മാർ ആൻഡ്രൂസ് താഴത്ത്, മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര തുടങ്ങിയവർ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കും.