നൂറ്റാണ്ടിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ് അമേരിക്കയില്‍ കര തൊട്ടു. സീയെസ്റ്റ കീ എന്ന നഗരത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ഇതേത്തുടര്‍ന്ന് ഫ്ലോറിഡയുടെ തീരപ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയുമാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആറ് എയര്‍പോര്‍ട്ടുകള്‍ അടച്ചു. 2000 ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കി.
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നത്. മില്‍ട്ടണ്‍ ടാംപാ ബേ ഏരിയയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 9 ഇഞ്ചിലധികം മഴ പെയ്തുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ടാംപാ മേഖലയില്‍ മണിക്കൂറില്‍ 100 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇതേത്തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി.
കനത്ത മഴയുടേയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഫ്ലോറിഡയില്‍ ആഞ്ഞടിക്കുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് മില്‍ട്ടണ്‍. അമേരിക്കയില്‍ ഈ വര്‍ഷം ആഞ്ഞടിക്കുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റാണ് അതി വിനാശകാരിയായ കാറ്റഗറി അഞ്ചില്‍പ്പെടുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ്.
2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടണ്‍ എന്നാണ് പ്രവചനം. കാറ്റഗറി 2ൽ നിന്ന് മണിക്കൂറുകൾകൊണ്ടാണ് കാറ്റഗറി 5ലേക്ക് മിൽട്ടൺ എത്തിയത്. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിരുന്നു. രണ്ടാഴ്ച മുൻപ് ഹെലീൻ നാശം വിതച്ച അതേ സ്ഥലങ്ങളിലൂടെയാവും മിൽട്ടനും കടന്നുപോവുക. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ‘ഹെലീൻ’ ചുഴലിക്കൊടുങ്കാറ്റ് 160 ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു.