മരണം അനിവാര്യമായൊരു കാര്യമാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും ഒട്ടേറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും മരണത്തെ അതിജീവിക്കാനുള്ള മാര്‍ഗം ഇനിയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ മരണത്തെ അതിജീവിക്കാനും ആയുസ് വര്‍ധിപ്പിക്കാനുമുള്ള വഴികള്‍ തിരയുകയാണ് പലരും. എന്നാല്‍ ഭാവിയില്‍ അതിനുള്ള വഴി കണ്ടുപിടിക്കാന്‍ സാധിക്കില്ലെന്ന് ആരുകണ്ടു? ആ സാധ്യത മുന്നില്‍ കാണുകയാണ് ജര്‍മനിയിലെ ടുമോറോ ബയോ (TomorrowBio)എന്ന സ്റ്റാര്‍ട്ടപ്പ്.
മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിക്കുന്നത് വരെ ക്രയോപ്രിസര്‍വേഷന്‍ സംവിധാനത്തിലൂടെ മനുഷ്യരുടെ മൃതദേഹങ്ങള്‍ ശീതീകരിച്ച് സൂക്ഷിക്കുകയും സാങ്കേതിക വിദ്യ യാഥാര്‍ഥ്യമായിക്കഴിഞ്ഞാല്‍ ജീവന് തിരികെ നല്‍കുകയും ചെയ്യുന്ന സേവനം വാഗ്ദാനം ചെയ്യുകയാണ് ഇവര്‍.മരണത്തിന് ശേഷം ശരീരം മുഴുവന്‍ സൂക്ഷിക്കാന്‍ 1.8 കോടി രൂപയാണ് ടുമോറോബയോ ആവശ്യപ്പെടുന്നത്. മസ്തിഷ്കം മാത്രം സൂക്ഷിച്ചാല്‍ മതിയെങ്കില്‍ 67.2 ലക്ഷം നല്കിയാല് മതി.
മൈനസ് 198 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് ക്രയോപ്രിസര്വേഷനില് ശരീരങ്ങള്‍ സൂക്ഷിക്കുക. അനിശ്ചിതകാലത്തേക്ക് ജൈവിക പ്രക്രിയകള്‍ നിഷ്ക്രിയമാക്കിവെക്കുന്ന ബയോസ്റ്റാസിസ് എന്ന അവസ്ഥയിലാണ് ശരീരങ്ങള്‍ സൂക്ഷിക്കുക.