Gulf

മക്കയിലും മദീനയിലും ജോലി; വിദേശികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം

Published

on

റിയാദ്: തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ മക്കയിലും മദീനയിലും ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നിരവധി ഒഴിവുകളുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാം.

മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടലായ ജദാരത്ത് വഴി മാത്രമാണ് ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്ക് അപേക്ഷിക്കേണ്ടതെന്ന് അറിയിപ്പില്‍ പറയുന്നു. അപേക്ഷ 2023 ഓഗസ്റ്റ് 23വരെ സ്വീകരിക്കും.

അസിസ്റ്റന്റ് പ്രോജക്ട് മാനേജര്‍, ഇന്‍ഡസ്ട്രിയല്‍ അസിസ്റ്റന്റ് തുടങ്ങിയ ജോലി ടൈറ്റില്‍ ഉള്ള എഞ്ചിനീയര്‍മാര്‍, നിയമ സഹായികള്‍, ട്രെയിനിങ് അസിസ്റ്റന്റ്‌സ്, സൈബര്‍ സുരക്ഷാ സഹായികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡാറ്റ അനലിസ്റ്റുകള്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ എന്നീ തസ്തികകളിലാണ് ജോലിക്കാരെ ആവശ്യമുള്ളത്.

ഓരോ തസ്തികയിലുമുള്ള ഒഴിവുകളുടെ എണ്ണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും നിരവധി ഒഴിവുകളുണ്ടെന്നും സൗദിക്കും വിദേശികള്‍ക്കും ഈ ജോലികള്‍ക്ക് അര്‍ഹതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

പുതിയ ഉംറ സീസണില്‍ ഒരു കോടി തീര്‍ത്ഥാടകരെ സ്വീകരിക്കാനാണ് സൗദിയുടെ തീരുമാനം. ഇതിനായി വിസ ഉദാരമാക്കുകയും ടൂറിസ്റ്റ് വിസയിലെത്തിയവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങളും സേവനങ്ങളും വിപുലമാക്കുന്നതിന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വലിയ ശ്രമങ്ങളാണ് നടത്തിവരുന്നത്. ഉംറ വിസ ഉദാരമായി അനുവദിക്കാന്‍ സൗദി വിഷന്‍ 2030ന്റെ ഭാഗമായി തീരുമാനിച്ചിരുന്നു.

ഉംറ വിസ 30 ദിവസത്തില്‍ നിന്ന് 90 ദിവസമാക്കി നീട്ടി. ഉംറക്കാര്‍ക്ക് എല്ലാ കര, വ്യോമ, കടല്‍ മാര്‍ഗങ്ങള്‍ വഴിയും രാജ്യത്തേക്ക് പ്രവേശിക്കാനും ഏത് വിമാനത്താവളത്തില്‍ നിന്നും മടങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ തൊഴില്‍ പരിഗണിക്കാതെ തന്നെ ടൂറിസ്റ്റ് വിസ ലഭിക്കാനും ഉംറ നിര്‍വഹിക്കാനും അവസരം നല്‍കി. ഷെങ്കന്‍, യുഎസ്, യുകെ വിസയുള്ളവര്‍ക്ക് സൗദിയില്‍ എത്തുന്നതിന് മുമ്പ് നുസുക് ആപ് വഴി ഉംറയ്ക്കും മദീന സന്ദര്‍ശിക്കുന്നതിനുമുള്ള അപ്പോയിന്റ്‌മെന്റും ബുക്ക് ചെയ്യാം.

ഉംറ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ കൂടുതല്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ വര്‍ഷം ലൈസന്‍സ് അനുവദിക്കുന്നുണ്ട്. പുതിയ ധാരാളം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഏതാനും വര്‍ഷം മുമ്പ് മതാഫ് വികസനവും കിങ് അബ്ദുല്ല എക്‌സ്പാന്‍ഷനും പൂര്‍ത്തിയായ ശേഷം ഉംറ തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. സൗദി വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായും ഇത് ഉള്‍പ്പെടുത്തുകയുണ്ടായി.

വിദേശ തീര്‍ത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. എണ്ണയിതര വരുമാന സ്രോതസുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇതുവഴി നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version