മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ജിറോണ കുതിപ്പിന് തടയിട്ട് റയൽ മാഡ്രിഡ്. എതിരില്ലാത്ത നാല് ഗോളിനാണ് റയലിന്റെ വിജയം. ജൂഡ് ബെല്ലിംങ്ഹാം ഇരട്ടഗോളുമായി തിളങ്ങി. വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ഓരോ ഗോളുകൾ വീതവും നേടി. തകർപ്പൻ വിജയത്തോടെ കിരീടപോരാടത്തിൽ ജിറോണയേക്കാൾ അഞ്ച് പോയിന്റ് മുന്നിലെത്താൻ റയലിന് സാധിച്ചു.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറാണ് ഗോൾ നേടിയത്. 35, 54 മിനിറ്റുകളിൽ ജൂഡ് ബെല്ലിംങ്ഹാമും 61-ാം മിനിറ്റിൽ റോഡ്രിഗോയും ഗോളുകൾ നേടി. 1945ന് ശേഷം ഇതാദ്യമായാണ് ഒരു ഫുട്ബോൾ ലീഗിൽ ഒന്നാമത് നിൽക്കുന്ന ടീം രണ്ടാമത് നിൽക്കുന്ന ടീമിനെ ഇത്ര വലിയ മാർജിനിൽ തോൽപ്പിക്കുന്നത്. 1945 ല്‍ ബാഴ്സലോണ റയലിനെ 5-0ത്തിന് തോൽപ്പിച്ചിരുന്നു.
ഇത്തവണ ലാ ലീഗയിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന ടീമാണ് ജിറോണ. ബാഴ്സലോണയെയും അത്‌ലറ്റികോ മാഡ്രിഡിനെയും കീഴടക്കിയിട്ടും റയലിനെ വീഴ്ത്താൻ മാത്രം ജിറോണയ്ക്ക് കഴിഞ്ഞിട്ടില്ല. പോയിന്റ് ടേബിളിൽ ഒന്നാമതുള്ള റയലിന് 24 മത്സരങ്ങളിൽ നിന്ന് 61 പോയിന്റുണ്ട്. ജിറോണ 24 മത്സരങ്ങളിൽ നിന്ന് 56 പോയിന്റ് നേടിയിട്ടുണ്ട്.