Gulf

ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ; നിയമകുരിക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി

Published

on

ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമ കുരുക്കിൽ അകപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി. ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു നീതി ന്യായ മന്ത്രാലയം നൽകിയ പരാതിയിൽ യാബ് ലീഗൽ സർവീസസ് നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിലാണ് സജേഷിന് അനുകൂല വിധി ലഭിച്ചത്.

2024 ജൂലൈ 2 – നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് തൻ്റെ നാട്ടിലുള്ള സുഹൃത്ത് വഴി 1998 ലെ ഡിഗ്രി സർട്ടിഫിക്കേറ്റ് 2010 ൽ നാട്ടിൽ വെച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വർഷങ്ങൾക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാർജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ അറ്റസ്റ്റേഷന് സമർപ്പിക്കുകയുണ്ടായി. തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധിച്ച അധികൃതർ അതിൽ പതിച്ചിരിക്കുന്ന ഡൽഹിയിലെ യുഎഇ എംബസിയുടെ സീൽ വ്യാജമാണെന്ന് കണ്ടെത്തുകയും സജേഷിനെ ഷാർജ പോലീസിന് കൈമാറി അറസ്റ്റ്‌ ചെയ്‌തു ജ്യാമത്തിൽ വിട്ട ഴച്ചു. തുടർന്ന് പ്രതിസന്ധിയിലായ സജേഷ് കുടുംബസമ്മേതം യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ശേഷം യാബ് ലീഗൽ സർവീസസിലെ യുഎഇ അഭിഭാഷകർ ഷാർജ പ്രോസിക്യൂഷനിൽ നിജസ്ഥിതി ബോധിപ്പിച്ചെങ്കിലും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും സജേഷിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഷാർജ ഫസ്റ്റ് ഇൻസ്റ്റന്റ് കോടതിയിലേക്ക് കേസ് ട്രാൻസ്‌ഫർ ചെയ്തു.

സജേഷിന് മേൽ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിൽ ഇദ്ദേഹത്തിന് നേരിട്ടുള്ള പങ്കാളിത്തമില്ലായെന്നും വ്യാജ സീൽ സ്റ്റാമ്പ് എന്നിവ ഉണ്ടാക്കിയതും അത് സർട്ടിഫിക്കറ്റിൽ പതിപ്പിച്ചതും ഇദ്ദേഹത്തിന്റെ നാട്ടിലുള്ള സുഹൃത്ത് മുഖേനെയാണെന്നും ഇതൊന്നുമറിയാതെയാണ് സജേഷ് ഡിഗ്രി സർട്ടിഫിക്കറ്റ് വിദേശ കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തിന് നൽകിയതെന്നും ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ മേൽ ഒരാളും അറിഞ്ഞുകൊണ്ട് വ്യാജമായി അറ്റസ്റ്റേഷൻ നടത്താൻ മുതിരില്ലെന്നും അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ നിരപരാതിയായി വിധിക്കാനും യുഎഇ അഭിഭാഷകനായ അഡ്വ. മുഹമ്മദ് അബ്ദു റഹ്‌മാൻ മുഹമ്മദ് അബ്ദുള്ള അസ്സുവൈദി കോടതിയിൽ ആവശ്യപ്പെട്ടു.

യാബ് ലീഗൽ സർവീസസിലെ അഭിഭാഷകന്റെ വാദവും മെമ്മോറാണ്ടം ഉൾപ്പടെയുള്ള രേഖകളും സൂക്ഷ്മമായി നിരീക്ഷിച്ച ഷാർജ കോടതി സജേഷ് മനപൂർവം കുറ്റം ചെയ്‌തു എന്ന് തെളിയിക്കുന്ന മതിയായ രേഖകൾ ലഭിക്കാത്തതിനാലും ചോദ്യം ചെയ്യലുകളിലെല്ലാം കുറ്റം നിഷേധിച്ചതിനാലും തെറ്റ് സജേഷിന്റെ ഭാഗത്തല്ല എന്ന് കോടതിക്ക് ബോധ്യപ്പെട്ടു. തുടർന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് സംശയാസ്പദമായ രീതിയിൽ ഉപയോഗിച്ചതിനാൽ കണ്ടുകെട്ടാനും ശിക്ഷ നടപ്പാക്കുന്നത് നിർത്തി വെക്കാനും കോടതി ഉത്തരവിട്ടു.

പ്രവാസലോകത്ത് ഒട്ടനവധി പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ഒർജിനൽ അറ്റസ്റ്റേഷൻ നടത്തിയും ഒർജിനൽ സർട്ടിഫിക്കറ്റുകളിൽ ഡ്യൂപ്ലിക്കേറ്റ് അറ്റസ്റ്റേഷൻ നടത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ അകപ്പെട്ട് ഒട്ടനവധിയാളുകൾ ജയിലിലകപ്പെടുകയും നാട്ടിലേക്ക് ഡിപ്പോട്ട് ചെയ്‌ത്‌ മടങ്ങിയതായും അറിയാൻ സാധിച്ചിട്ടുണ്ടെന്ന് സലാം പാപ്പിനിശ്ശേരി വിശദമാക്കി. കൂടുതൽ ആളുകളും അറ്റസ്‌റ്റേഷനായി അംഗീകാരമില്ലാത്ത ഏജന്റുമാരെയാണ് ഏൽപ്പിക്കുന്നത്. അവരവരുടെ സർട്ടിഫിക്കറ്റുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ അറ്റസ്റ്റ് ചെയ്യാൻ പരമാവധി ശ്രമിക്കണമെന്നും ഏജന്റുമാരെ ഏൽപ്പിക്കുന്നവർ ആധികാരികമായ സ്ഥാപനങ്ങളിൽ മാത്രം ഏല്പിക്കാൻ ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരത്തിലുള്ള നിയമപ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നും സലാം പാപ്പിനിശ്ശേരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version