മനാമ: ടാക്സി സേവനങ്ങള്‍ക്കായി മന്ത്രാലയം പുതിയ ലൈസന്‍സുകള്‍ നല്‍കുന്നില്ലെന്ന് ബഹ്‌റൈന്‍ ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി മുഹമ്മദ് ബിന്‍ തമര്‍ അല്‍ കഅബി. എന്നാല്‍, പൊതു ലേലത്തിലൂടെയോ ‘മസാദ്’ കമ്പനി വഴി നേരിട്ടുള്ള വില്‍പ്പനയിലൂടെയോ ലൈസന്‍സുകളുടെ വ്യാപാരം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പാര്‍ലമെന്റില്‍ വിശദീകരിച്ചു.
ബഹ്റൈനിലെ ടാക്സി ലൈസന്‍സ് സംബന്ധിച്ച് പാര്‍ലമെന്റ് അംഗം ഡോ. ഹിഷാം അല്‍ അഷെഅ്‌രി സമര്‍പ്പിച്ച പാര്‍ലമെന്ററി ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഈ വിശദീകരണം നല്‍കിയത്.
ബഹ്റൈനിലെ മൊത്തം ടാക്‌സി കമ്പനി ലൈസന്‍സുകളുടെ എണ്ണം 1,415 ആയി. 67% വ്യക്തികള്‍ക്കും 33% സ്ഥാപനങ്ങള്‍ക്കും അനുവദിച്ചിരിക്കുന്നു. 968 ലൈസന്‍സുകള്‍ ബഹ്റൈനികളുടെ കൈവശമാണെങ്കില്‍ 477 ലൈസന്‍സുകള്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്.
അതേസമയം, ബഹ്റൈനിലെ ടാക്സി സേവനങ്ങളുടെ വിപണി ആവശ്യകത സൂചിപ്പിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ പരിഗണനയിലുണ്ടെന്നും അല്‍ കാബി സൂചന നല്‍കി. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഗുണനിലവാരവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് വിവിധ ഗതാഗത സംവിധാനങ്ങള്‍ നിയന്ത്രിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് തുടരാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധതമാണെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു.
മന്ത്രാലയത്തിന്റെ കഴിഞ്ഞ നവംബറിലെ കണക്കുകള്‍ പ്രകാരം വ്യക്തികള്‍ക്കുള്ള 945 ലൈസന്‍സുകളും കമ്പനികള്‍ക്കുള്ള 406 ലൈസന്‍സുകളും റൈഡ്-ഹെയ്ലിങ് സേവനങ്ങള്‍ക്കുള്ള 64 ലൈസന്‍സുകളും ഉള്‍പ്പെടെ ടാക്സി ലൈസന്‍സുകളുടെ എണ്ണം 1,415 ആയി.