Gulf

പ്രവാസികൾക്ക് കരുതലും കൈത്താങ്ങുമായി നോർക്ക മുന്നോട്ട്.

Published

on

പതിനായിരത്തോളം പ്രവാസി സംരംഭങ്ങള്‍, 1000 യുവ പ്രൊഫഷണലുകള്‍ക്ക് വിദേശതൊഴില്‍, 4200 കുടുംബങ്ങള്‍ക്ക് സാന്ത്വനയുടെ കരുതല്‍, 45000 ഐഡി കാര്‍ഡുകള്‍, 25000 പേര്‍ക്ക് ഇന്‍ഷുറന്‍സ്, 66000 ത്തിലധികം സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍… പ്രവാസികൾക്ക് കരുതലും കൈത്താങ്ങുമായി നോർക്ക മുന്നോട്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന 69ാ മത് നോര്‍ക്ക റൂട്ട്സ് ബോര്‍ഡ് യോഗമാണ് 2023-24 സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. എന്‍ഡിപിആര്‍ഇഎം പദ്ധതി വഴി 1385 ഉം പ്രവാസിഭദ്രത വഴി 1376 ഉം പുതിയ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി. എന്‍ഡിപിആര്‍ഇഎം പദ്ധതി യുടെ ഭാഗമായി വിവിധ ജില്ലകളിലായി സംഘടിപ്പിച്ച 26 വായ്പാനിര്‍ണയ മേളകളിലായി 4311 പ്രവാസികള്‍ പങ്കെടുത്തു. പേള്‍, മൈക്രോ, മെഗാ എന്നീ മൂന്നു ഉപപദ്ധതികളുളള പ്രവാസി ഭദ്രതയില്‍ ആരംഭിച്ച 7539 സംരംഭങ്ങള്‍ക്കാണ് മൂലധന പലിശ സബ്സിഡി ലഭ്യമാക്കിയത്. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കൊവിഡ് കാലത്ത് ആരംഭിച്ചതാണ് പ്രവാസി ഭദ്രത. കുടുബശ്രീ വഴി അഞ്ച് കോടി രൂപയുടെ പലിശരഹിത വായ്പകളും സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് പേള്‍ പദ്ധതിവഴി സംരംഭകര്‍ക്ക് അനുവദിക്കാനായി. സാന്ത്വന പദ്ധതിവഴി 4124 പ്രവാസികുടുംബങ്ങള്‍ക്കുളള ധനസഹായവും ഈ കാലയളില്‍ അനുവദിച്ചു. ഈ പദ്ധതികള്‍ക്കായി 73.1 കോടി രൂപയാണ് മൂലധന, പലിശ സബ്സിഡിയായും ധനസഹായമായും അനുവദിച്ചത്.

67, 000 ത്തോളം സര്‍ട്ടിഫിക്കറ്റുകളാണ് ഈ കാലയളവില്‍ മൂന്ന് സര്‍ട്ടിഫിക്കറ്റ് ഒതന്‍റിക്കേഷന്‍ സെന്‍ററുകള്‍ വഴി നോര്‍ക്ക റൂട്ട്സ് സാക്ഷ്യപ്പെടുത്തിയത്. രാജ്യത്താദ്യമായി വ്യാജ അറ്റസ്റ്റേഷനുകള്‍ നിയന്ത്രിക്കുന്നതിന് 24 ലിലധികം സുരക്ഷാഫീച്ചറുകളോടെ ആധുനിക ഹൈസെക്ക്യൂരിറ്റി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂആര്‍ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനായി.സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികേരളീയരുടെ മക്കള്‍ക്കായുളള നോര്‍ക്ക ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ് 253 വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസി ഐ.ഡി കാര്‍ഡ് 41,944 പേര്‍ക്കും, സ്റ്റുഡന്‍റ് ഐഡി 2473 വിദ്യാർഥികള്‍ക്കും, പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് 20,420 പേര്‍ക്കും ഈ കാലയളവില്‍ അനുവദിച്ചു.

ഐഡി കാര്‍ഡ് സേവനങ്ങളിലൂടെ ലോകത്തെമ്പാടുമുളള 178 രാജ്യങ്ങളിലെ പ്രവാസികേരളീയരെ ബന്ധിപ്പിക്കാനായി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുളള പ്രവാസികേരളീയര്‍ക്കായുളള എന്‍ആര്‍കെ ഇന്‍ഷുറന്‍സ് 8365 പേര്‍ക്കും 2023-24 സാമ്പത്തികവര്‍ഷം നല്‍കാനായി. പ്രവാസിക്ഷേമത്തോടൊപ്പം തിരിച്ചെത്തിയ പ്രവാസികള്‍ക്കായുളള സാമ്പത്തിക പുനരേകീകരണ പദ്ധതികള്‍, സുഡാന്‍ ഇസ്രായേല്‍, മണിപ്പൂര്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുളള അടിയന്തിര ഇടപെടലുകള്‍, സാമൂഹികസുരക്ഷാ, മൈഗ്രഷന്‍ ഫെസിലിറ്റേഷന്‍, നൈപുണ്യ വികസനം എന്നീ മേഖലകളിലാകെ നോര്‍ക്ക റൂട്ട്സ് സേവനങ്ങള്‍ എത്തിക്കാനായി.

1000 ത്തോളം യുവപ്രൊഫഷണലുകളുടെ വിദേശതൊഴില്‍ സ്വപ്നം സാക്ഷാത്ക്കരിക്കാനും ഈ കാലയളവില്‍ നോര്‍ക്ക റൂട്ട്സിനായി. യുകെ (ഇംഗ്ലണ്ട്, വെയില്‍സ്), കാനഡ (ന്യൂ ഫോണ്ട്ലന്‍ഡ് ആന്‍റ് ലാബ്ര‍‍ഡോര്‍), ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍, ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതികള്‍), കുവൈറ്റ്, സൗദി ആരോഗ്യമന്ത്രാലയം എന്നിവിടങ്ങളിലേയ്ക്കായിരുന്നു റിക്രൂട്ട്മെന്‍റ്. വെയില്‍സിലേയ്ക്ക് 250 പേരുടെ റിക്രൂട്ട്മെന്‍റിനു ധാരണയായിട്ടുണ്ട്. കാനഡയിലേയ്ക്ക് തിരഞ്ഞെടുത്ത 160 പേരുടെ വിസാനടപടികള്‍ പുരോഗമിക്കുകയാണ്. ജര്‍മ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കാനായും നേട്ടമായി.

കേരളത്തിലെ വിമാനത്താവളങ്ങള്‍ക്കു പുറമേ കോയമ്പത്തൂരും മംഗലാപുരത്തും ഏര്‍പ്പെടുത്തിയിട്ടുളള നോര്‍ക്ക സൗജന്യ ആംബുലന്‍സ് സേവനം 486 പ്രവാസികേരളീയര്‍ക്കായി പ്രയോജനപ്പെടുത്താനും ഈ കാലയളവിലായി. 24 മണിക്കൂറും നോര്‍ക്കയുമായി ബന്ധപ്പെടാനുളള ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ ഇക്കാലയളവില്‍ 3,08,615 കോളുകള്‍ക്കാണ് മറുപടി നല്‍കാനായത്. ഇതോടൊപ്പം 41711 ചാറ്റുകള്‍ക്കും മറുപടി ലഭ്യമാക്കി.

ബോര്‍ഡ് യോഗത്തില്‍ റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ഡയറക്ടര്‍മാരായ ആസാദ് മൂപ്പന്‍, ഡോ. രവി പിള്ള, ഒ.വി. മുസ്തഫ, സി.വി. റപ്പായി, ജെ.കെ. മേനോന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ.കെ വാസുകി, ഫിനാന്‍സ് ജോ. സെക്രട്ടറി ഡബ്യൂ.ജെ. സുതന്‍, ജനറല്‍ മാനേജര്‍ രശ്മി എന്നിവര്‍ പങ്കെടുത്തു. ഡയറക്ടേഴ്സ് റിപ്പോര്‍ട്ട് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അവതരിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version