പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ എന്നാണ് പുതിയ നിയമങ്ങളിലൊന്ന്.
സ്വദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഫണ്ട് അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫിസുകൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അധികാരികളിൽ നിന്ന് ഒപ്പ് ആവശ്യമാണ് എന്നതാണ് മറ്റൊരു നിയമം. ചില സംഭവങ്ങൾക്ക് ശേഷമാണ് ഈ തീരുമാനങ്ങൾ എടുത്തതെന്ന് അധികൃതർ അറിയിച്ചു.
ഏജന്റുമാർ അമിത നിരക്ക് ഈടാക്കുന്നു.
പ്രവാസികളുടെ മൃതദേഹങ്ങൾ സ്വദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിനായി ‘ഏജന്റു’മാർ കുടുംബങ്ങളെ ചൂഷണം ചെയ്ത ഒട്ടേറെ കേസുകൾ കോൺസുലേറ്റിൽ എത്തിയിട്ടുണ്ട്. കോൺസുലേറ്റ് അംഗീകൃത നിരക്കുകൾക്ക് പകരം അമിത തുക ഈടാക്കുന്ന വഞ്ചനാപരമായ ഏജന്റുമാരെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന് പ്രവാസികളോട് അധികൃതർ അഭ്യർഥിച്ചു.
ദുഃഖിതരായ കുടുംബങ്ങൾക്കും വ്യക്തികൾക്കും പ്രവേശനവും സൗകര്യവും നൽകുന്നതിന് കോൺസുലേറ്റ്
പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. എല്ലാ എമിറേറ്റുകളിലുടനീളമുള്ള സാമൂഹിക അസോസിയേഷനുകളുടെ ഒരു പാനൽ കോൺസുലേറ്റിനുണ്ട്. അവർ ഫീസ് വാങ്ങിക്കാതെ കുടുംബങ്ങൾക്ക് ഈ സേവനങ്ങൾ നൽകുന്നു. ഉടനടി മാർഗനിർദേശത്തിനും സൗകര്യത്തിനും കുടുംബങ്ങൾക്ക് കോൺസുലേറ്റുമായി ബന്ധപ്പെടാം. അതേസമയം, പുതിയ നിയമങ്ങൾ കുടുംബങ്ങൾക്ക് അമിത ഭാരമുണ്ടാക്കുന്നതായി ചില സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു. എന്നാൽ, കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെഎംസിസി) അടക്കമുള്ള ചില സംഘടനകൾ ഈ നീക്കത്തെ പ്രശംസിച്ചു.