പ്രവാസികളുടെ മരണാനന്തര ചെലവുകള്‍ ഒഴിവാക്കി അബൂദബി. അല്‍ ഐന്‍ പടിഞ്ഞാറൻ മേഖല ഉള്‍പ്പെടെയുള്ള മേഖലകളില്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെയും എംബാമിങ് സര്‍ട്ടിഫിക്കറ്റിന്റെയും ചാര്‍ജുകളാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് എടുത്തുകളഞ്ഞതെന്ന് മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ അറിയിച്ചു.
.പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്നതാണ് അബൂദബി സർക്കാർ നടപടി. മരണ സര്‍ട്ടിഫിക്കറ്റിന് 103 ദിര്‍ഹവും ആംബുലന്‍സ്, കഫിന് ബോക്സ് ഉള്‍പ്പെടെ എംബാമിങ് സര്‍ട്ടിഫിക്കറ്റിന് 1106 ദിര്‍ഹവുമാണ് ഈടാക്കിയിരുന്നത്. ഇത് പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. സ്വദേശികളുടെ മരണ സർട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിര്‍ഹമും ഒഴിവാക്കിയിട്ടുണ്ട്. പുതിയ നടപടികളിലൂടെ ഏതു രാജ്യക്കാർ മരിച്ചാലും ഈ ആനുകൂല്യം ലഭ്യമാവും. അബൂദബി എമിറേറ്റിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യമുണ്ടാവുക. മറ്റുള്ള എമിറേറ്റുകളിലെ നടപടിക്രമങ്ങള്‍ അതേപടി തുടരും.