പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരിൽ ഇന്ത്യക്കാരിൽ അർഹരായവർക്ക് ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് (ഐസിഡബ്ല്യുഎഫ്) വിമാന ടിക്കറ്റ് നൽകുന്നു.
ടിക്കറ്റിന് പണം ഇല്ലാത്തതിന്റെ പേരിൽ പ്രയാസപ്പെടുന്നവർക്കാണ് ഈ ആനുകൂല്യം. നേരിട്ടോ അംഗീകൃത സംഘടനകൾ മുഖേനയോ അപേക്ഷ നൽകിയാൽ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കും. സംഘടനാ ആസ്ഥാനങ്ങളിൽ എത്തുന്ന ഇത്തരം കേസുകൾ എംബസിക്കു കൈമാറാനും ഭാരവാഹികളോട് ആവശ്യപ്പെട്ടു.
ഇതോടൊപ്പം ടിക്കറ്റ് സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവരെ എംബസിയുമായി ബന്ധപ്പെടുത്താനും നിർദേശിച്ചു. കൂടുതൽ പേർക്ക് വിമാന ടിക്കറ്റ് നൽകുന്നതിനാണിത്. ഇതിനു പുറമെ ദേശീയ വിമാന കമ്പനികളോട് ടിക്കറ്റ് നിരക്കിൽ ഇളവു നൽകാനും യുഎഇ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ പാത ഇന്ത്യ ഉൾപ്പെടെ വിദേശ വിമാന കമ്പനികളും പിന്തുടർന്നാൽ ഒട്ടേറെ പേർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനാകും.
പാസ്പോർട്ട് നഷ്ടപ്പെട്ടവർക്കും കാലഹരണപ്പെട്ടവർക്കും നാട്ടിലെത്താനുള്ള എമർജൻസി എക്സിറ്റ് (ഔട്പാസ്) സൗജന്യമായാണ് നൽകുന്നത്. അനധിതൃത താമസക്കാർ എത്രയും വേഗം നടപടി പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ പിഴ കൂടാതെ രാജ്യം വിടുകയോ ചെയ്യണമെന്നും അഭ്യർഥിച്ചു.