യു.എ.ഇയിൽ തുടരുന്ന പൊതുമാപ്പ് നടപടികളിൽ നാലായിരത്തിലധികം ഇന്ത്യൻ പൗരൻമാർക്ക് സഹായം നൽകിയതായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സെപ്റ്റംബർ ഒന്നുമുതൽ കോൺസൽ ഓഫിസിലും അൽ അവീർ ആംനസ്റ്റി കേന്ദ്രങ്ങളിലുമായി നടന്ന ഹെൽപ് ഡെസ്കിലൂടെയാണ് വിസ നിയമലംഘകർക്ക് വിവിധ സേവനങ്ങൾ നൽകിയത്.
പൊതുമാപ്പ് പ്രഖ്യാപിച്ച് നാലാഴ്ച പിന്നിടുമ്പോൾ 600 പുതിയ പാസ്പോർട്ടുകൾ, 800 അടിയന്തര സർട്ടിഫിക്കറ്റുകൾ, 500 എക്സിറ്റ് പെർമിറ്റുകൾ എന്നിവ കോൺസുലേറ്റ് അനുവദിച്ചു. ദുബൈയിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്നവർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കോൺസുൽ ഓഫിസ് ഇന്ത്യക്കാരായ പ്രവാസികളോട് അഭ്യർഥിച്ചു.
ഒക്ടോബർ 31വരെ നീളുന്ന പൊതുമാപ്പ് കാലയളവിൽ പിഴ ഒഴിവാക്കി വിസാരേഖകൾ നിയമവിധേയമാക്കാനും എക്സിറ്റ് പെർമിറ്റ് നേടി രാജ്യം വിടാനും അവസരമുണ്ട്. നടപടികൾ തടസ്സമില്ലാതാക്കുന്നതിന് സഹായം ആവശ്യമുള്ളവർക്ക് വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കോൺസുലേറ്റ് ഓഫിസ് അനുവദിക്കുന്നുണ്ട്.
സഹായമാവശ്യമുള്ള ഇന്ത്യക്കാർക്ക് യാത്രാരേഖകൾ പുറത്തിറക്കുന്നതിനായുള്ള മാർഗനിർദേശങ്ങൾ ലഭിക്കുന്നതിനായി കോൺസുലേറ്റിന്റെ ഹെൽപ്ലൈൻ നമ്പറായ 0509433111ൽ രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെ വിളിക്കാമെന്ന് കോൺസുലേറ്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
കൂടാതെ മറ്റ് പിന്തുണ ആവശ്യമുള്ളവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പി.ബി.എസ്.കെ ഹെൽപ്ലൈൻ നമ്പറായ 80046342 എന്ന നമ്പറും ലഭ്യമാണ്. സഹായം ആവശ്യമുള്ളവർ ഔദ്യോഗിക കേന്ദ്രങ്ങളുമായി മാത്രം ബന്ധപ്പെടണം. എമിഗ്രേഷൻ വിഷയങ്ങൾ പരിഹരിക്കാമെന്ന വ്യാജേന പണം തട്ടാൻ പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ പേരിൽ തട്ടിപ്പ് കോളുകൾ വരുന്നതായി കോൺസുലേറ്റ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ എമിഗ്രേഷൻ വിഷയവുമായി ബന്ധപ്പെട്ട് കോൺസ ൽ ഓഫിസ് ഫോൺ വിളിക്കാറില്ല. ഈ പേരിൽ വരു ന്ന കാളുകളോട് പ്രതികരിക്കുകയോ പണം കൈമാ റുകയോ ചെയ്യരുതെന്നും മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള സോഷ്യൽ മീഡിയ പോസ്റ്റിൽ ദുബൈ ഇന്ത്യൻ കോൺസൽ ഓഫിസ് അഭ്യർഥി ച്ചു. കൂടാതെ വ്യക്തിഗത വിവരങ്ങൾ, ഒ.ടി.പി, പിൻ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ എന്നിവയെ കുറിച്ചും കോൺസൽ ഓഫിസ് ചോദിക്കാറില്ലെന്നും കോൺ സൽ ഓഫിസ് അറിയിച്ചു.