പുതുവത്സര രാവിൽ ഗ്ലോബൽ വില്ലേജിൽ കരിമരുന്ന് പ്രയോഗം നടക്കുന്നത് ഏഴുതവണ. വൈകുന്നേരം 4 മുതൽ പുലർച്ചെ 3 വരെ ഈ അപൂർവ വിസ്മയം കാണാൻ ആസ്വാദകർക്ക് അവസരം ലഭിക്കും. ആഗോളതലത്തിൽ പുതുവർഷ പിറവിയുടെ സമയം അനുസരിച്ച് ഗ്ലോബൽ വില്ലേജ് രാത്രി 8 മണി, 9 മണി, 10, 10.30, 11, പുലർച്ചെ 12, 1 മണി എന്നിങ്ങനെ ഏഴ് വ്യത്യസ്ത നേരങ്ങളിൽ പുതുവർഷത്തെ സ്വാഗതം ചെയ്യും.
ഇവയ്ക്കു പുറമേ സന്ദർശകർക്ക് തത്സമയ ഡിജെ പ്രകടനവും പാർക്കിലുടനീളം നിരവധി വിനോദ പരിപാടികളും ആസ്വദിക്കാനാകും. ഡ്രാഗൺ തടാകത്തിന്‍റെ ലൈറ്റുകളും സൗണ്ട് ഷോകളും അതിഥികളെ വിസ്മയിപ്പിക്കും. ടിക്കറ്റുകൾക്ക് (ഞായർ മുതൽ വ്യാഴം വരെ, അവധി ദിവസങ്ങൾ ഒഴികെ) 25 ദിർഹമാണ് നിരക്ക്. എനി ഡേ ടിക്കറ്റിന് 30 ദിർഹം. പുതിയ റസ്റ്ററന്‍റ് പ്ലാസ ഉൾപ്പടെ പാർക്കിൽ 250ലധികം ഭക്ഷ്യ ശാലകൾ ലഭ്യമാകും. 90ലധികം രാജ്യങ്ങളുടെ 30 ആകർഷക പവലിയനുകൾ സന്ദർശകർക്ക് പുത്തൻ അനുഭവമായിരിക്കും. ഏറ്റവും പുതിയ വിനോദ ആകർഷണമായ എക്സോ പ്ലാനറ്റ് സിറ്റി അസാധാരണ അനുഭവമാണ് സമ്മാനിക്കുക.