പുതുവർഷപ്പുലരിയെ വരവേൽക്കാൻ റാസൽഖൈമയിൽ ദൈർഘ്യമേറിയ വെടിക്കെട്ടും ഡ്രോൺ ഷോയും. 15 മിനിറ്റ് നീളുന്ന പ്രകടനത്തിലൂടെ പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് റാസൽഖൈമ.
എമിറേറ്റിന്റെ സാംസ്കാരിക പൈതൃകം ആകാശത്ത് കാണിക്കുന്ന ഡ്രോൺ ഷോ ആയിരിക്കും ഇത്തവണത്തെ മറ്റൊരു ആകർഷണം. പുതുവർഷത്തെ സ്വാഗതം ചെയ്യാനും വെടിക്കെട്ടും ഡ്രോൺ ഷോയും കാണാനും റാസൽഖൈമയിലെ അൽമർജാൻ ഐലൻഡ് കേന്ദ്രീകരിച്ച് കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും പ്രത്യേക സൗകര്യമൊരുക്കും. പ്രവേശനം സൗജന്യം.
സ്കൈ മാജിക് ഓർക്കസ്ട്രയുടെ അകമ്പടിയും പുതുവർഷപ്പുലരിയെ സംഗീത സാന്ദ്രമാക്കും. ഇതോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി ഒട്ടേറെ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. 20,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന 6 മേഖലകളും ഒരുക്കിയിട്ടുണ്ട്.
താൽപര്യമുള്ളവർ അൽമർജാൻ ഐലൻഡിന്റെ വെബ്സൈറ്റിൽ റജിസ്‌റ്റർ ചെയ്യണം. വാഹനത്തിന്റെ വിവരങ്ങളും നൽകണം. അൽറംസിലെ പാർക്കിങ്ങിനു സമീപം ബാർബിക്യൂ, ക്യാംപ് ഫയർ എന്നിവയ്ക്കും സൗകര്യമുണ്ട്. ധായ പാർക്കിങിൽ കൂടാരം കെട്ടി രാത്രിവാസത്തിനും അവസരമുണ്ട്. നമ്മുടെ കഥ ആകാശത്ത് എന്ന പ്രമേയത്തിൽ പ്രകൃതിയോടും പൈതൃകത്തോടും ഇണങ്ങും വിധത്തിലാണ് റാസൽഖൈമയുടെ ആഘോഷം.