പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി ദുബായിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ച് ദുബായ് ആർടിഎ. ആഘോഷ വേളകളിലെ തിരക്ക് കണക്കിലെടുത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ പൊതുജനങ്ങളോട് ആർടിഎ അഭ്യർത്ഥിച്ചു.
ദുബായ് മെട്രോ, ട്രാം, ബസുകൾ, ഫെറികൾ എന്നിവയുടെ പ്രവർത്തന സമയം നീട്ടിയിട്ടുണ്ട്. ദുബായ് മെട്രോയും ട്രാമും 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും. ദുബായ് മെട്രോ ഡിസംബർ 31 ന് രാവിലെ 5 മണി മുതൽ ജനുവരി 1 അർദ്ധരാത്രി വരെ പ്രവർത്തിക്കും. ദുബായ് ട്രാം ഡിസംബർ 31 ന് രാവിലെ 6 മുതൽ ജനുവരി 2 പുലർച്ചെ 1 വരെ പ്രവർത്തിക്കും. 2025 ജനുവരി 1 ബുധനാഴ്ച ബഹുനില പാർക്കിംഗ് ഒഴികെ മറ്റെല്ലാ പൊതു പാർക്കിംഗ് മേഖലകളിലും പാർക്കിങ്ങ് സൗജന്യമായിരിക്കും. 2025 ജനുവരി 1 ബുധനാഴ്ച കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ പ്രവർത്തിക്കില്ല.2025-ലെ പുതുവത്സര അവധിക്കാലത്തെ ബസ് സമയങ്ങൾക്കായി, സുഹൈൽ ആപ്പ് പരിശോധിക്കണമെന്ന് ആർടിഎ നിർദേശിച്ചു. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള E100 ബസ് റൂട്ട് 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 1 വരെ താൽക്കാലികമായി നിർത്തിവയ്ക്കും.
ഈ കാലയളവിൽ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള റൂട്ട് E101 ഉപയോഗിക്കണമെന്ന് ആർടിഎ നിർദേശിച്ചു. അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്നുള്ള E102 ബസ് റൂട്ട് 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 1 വരെ താൽക്കാലികമായി നിർത്തിവയ്ക്കും. ഈ കാലയളവിൽ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് ഷാബിയ മുസഫയിലേക്കുള്ള അതേ റൂട്ട് തന്നെ യാത്രക്കാർക്ക് ഉപയോഗിക്കാം.