പുതിയ രീതിയിലുള്ള ലഹരിക്കടത്ത് ശ്രമം തകർത്ത് ദുബായ് കസ്റ്റംസ്. പ്രതികളെ അറസ്റ്റ് ചെയ്തു. 13 കള്ളക്കടത്ത് ശ്രമങ്ങൾ തടഞ്ഞ് ആകെ 54 കിലോഗ്രാം കഞ്ചാവ് പിടികൂടിയതായി അധികൃതർ പറഞ്ഞു. നിരോധിത പദാർഥങ്ങൾ കണ്ടെത്തുന്നതിലും കള്ളക്കടത്ത് ശ്രമങ്ങളെ ചെറുക്കുന്നതിലും പ്രാദേശികമായും ആഗോളതലത്തിലും ദുബായ് കസ്റ്റംസ് അവരുടെ വിപുലമായ കഴിവുകൾ പ്രകടമാക്കുന്നതിന്‍റെ തെളിവാണ് അത്യാധുനിക കഞ്ചാവ് കടത്ത് വിജയകരമായി കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.
ഗന്ധം പുറത്തേക്ക് വമിക്കാത്തവിധം കംപ്രസ് ചെയ്തതും വാക്വം സീൽ ചെയ്തതുമായ പ്ലാസ്റ്റിക് ബാഗുകളിൽ പായ്ക്ക് ചെയ്ത നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംശയം തോന്നാതിരിക്കാൻ പ്രശസ്ത ബ്രാൻഡുകളുടെ കാർഡ്ബോർഡ്, പ്ലാസ്റ്റിക് ഭക്ഷ്യ ഉൽപന്ന പെട്ടികൾ എന്നിവയ്ക്കുള്ളിൽ വിദഗ്ധമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.