സമൂഹത്തിലെ വ്യത്യസ്ത പ്രതിഭകളെ കണ്ടെത്തി അവസരവും പരിശീലനവും നല്‍കി സമൂഹത്തോട് പ്രതിബദ്ധതയുള്ള ഉയര്‍ന്ന കലാ-സാംസ്‌കാരിക ബോധമുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ നടത്തിപ്പിനായി വിപുലമായ സംവിധാനങ്ങളാണ് അബൂദബി നാഷണല്‍ തിയേറ്ററില്‍ ഒരുക്കിയത്.12 ഓളം വേദികളിലായി നടന്ന മത്സരപരിപാടികളില്‍ 11 സോണുകളില്‍ നിന്നായി 1,200 ല്‍ പരം പ്രതിഭകളാണ് മാറ്റുരക്കാനെത്തിയത്. രാവിലെ എട്ട് മണിക്ക് ഉദ്ഘാടന സംഗമത്തോടെ ആരംഭിച്ച സാഹിത്യോത്സവില്‍ മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, മലയാള പ്രസംഗം, കഥാരചന, സംഘഗാനം തുടങ്ങി വൈവിധ്യമാര്‍ന്ന 72 ലധികം മത്സര ഇനങ്ങള്‍ അരങ്ങേറി.
ദേശീയ സാഹിത്യോത്സവിന്റെ ഉദ്ഘാടനം എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍ നിര്‍വഹിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ ചെയര്‍മാന്‍ റഫീഖ് സഖാഫി വെള്ളില അധ്യക്ഷത വഹിച്ചു. ടോളറൻസ് അവാർഡ് യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലി അൽ ഹാഷ്മിക്ക് സമ്മാനിച്ചു. ലോക സമാധാനത്തിനും സഹിഷ്ണുതയ്ക്കും നൽകിയ സമഗ്ര സംഭാവന മാനിച്ചാണ് പുരസ്കാരം. അബുദാബി നാഷനൽ തിയറ്ററിൽ നടന്ന സാഹിത്യോത്സവിന്റെ സമാപനച്ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. ചടങ്ങിൽ മേജർ ജനറൽ അബ്ദുല്ല അസ്സയിദ്, സുൽത്താൻ അൽ ഷിഹി, ജവാദ് അൽ ഒബൈദി, ഫാ.ബി ഷോയി (ഈജിപ്ത്),യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി,മുഹമ്മദ് അബ്ദുൽറഹീം അൽ ഹാഷിമി, ഹസൻ ഹമ്മാദി, ഡോ.ബു അബ്ദുല്ല, നാസർ അൽ ഹമ്മാദി, ഹാതിം അലി അൽ നൊവൈസി, പി.ബാവഹാജി (ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ) തുടങ്ങിയവർ എന്നിവർ മുഖ്യാതിഥികളായിരുന്നു.സ്വാഗതസംഘം ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി തിരുവത്ര പ്രാര്‍ഥന നിര്‍വഹിച്ചു. കണ്‍വീനര്‍ ഹംസ അഹ്‌സനി സ്വാഗതവും കലാലയം സെക്രട്ടറി സഈദ് സഅദി മാണിയൂര്‍ നന്ദിയും പറഞ്ഞു.
എം ലുഖ്മാന്‍ രചിച്ച ‘വാക്കുകളുടെ കര, കടല്‍, ആകാശം’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന പുസ്തക വിചാരം സദസ്സ് കവി കുഴൂര്‍ വിത്സന്‍ ഉദ്ഘാടനം ചെയ്തു. സ്വാലിഹ് മാളിയേക്കല്‍, എം എ മിസ്ബാഹി,റഫീഖ് പുതുപൊന്നാനി, ഒ എം റഫി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. നിസാര്‍ പുത്തന്‍ പള്ളി മോഡറേറ്ററായിരുന്നു. എം ലുഖ്മാന്‍ മറുപടി പ്രസംഗം നടത്തി.