വ്യവസായ പ്രമുഖരും അതിസമ്പന്നരും പല രീതിയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാറുണ്ട്. എന്നാല്‍ സമ്പാദ്യത്തിന്‍റെ ഏറിയ പങ്കും ജീവകാരുണ്യപ്രവര്‍ത്തനത്തിനായി നല്‍കി വ്യത്യസ്തനായ വ്യക്തിയാണ് സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ രാജ്ഹി.
സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും അല്‍ രാജ്ഹി ബാങ്കിന്‍റെ സഹസ്ഥാപകനുമാണ് ഇദ്ദേഹം. അബ്ദുല്‍ അസീസ് അല്‍ രാജ്ഹിക്ക് ഇപ്പോള്‍ അതിസമ്പന്ന പദവി നഷ്ടമായി. 95കാരനായ ഇദ്ദേഹം ചെയ്ത പ്രവൃത്തി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.തന്‍റെ സമ്പത്ത് രണ്ടായി ഭാഗം വെച്ച അല്‍ രാജ്ഹി, ഇതില്‍ ഒരു ഭാഗം മക്കള്‍ക്കും മറ്റൊരു ഭാഗം ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്കുമായി നല്‍കുകയായിരുന്നു. ഇതോടെ ഇദ്ദേഹത്തിന്‍റെ ആസ്തി 590 മില്യണ്‍ ഡോളർ ആയി കുറഞ്ഞെന്നാണ് ‘സൗദി മൊമെന്‍റ്സ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ രാജ്ഹി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വഴിയാണ് ഇദ്ദേഹം സംഭാവനകള്‍ നടത്തുന്നത്. ഏകദേശം 16 ബില്യണ്‍ ഡോളര്‍ ഇദ്ദേഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസം, മതം, ആരോഗ്യം, സാമൂഹിക പ്രശ്നങ്ങള്‍ എന്നിവയില്‍ സഹായങ്ങള്‍ നല്‍കുന്ന ഫൗണ്ടേഷന്‍റെ ആകെ സംഭാവനകള്‍ ഏകദേശം 221 മില്യണ്‍ സൗദി റിയാലാണ്. അല്‍ രാജ്ഹിയുടെ ഈ സുമനസ്സ് നിരവധി പേർക്കാണ് പ്രചോദനമാകുന്നത്. താനുൾപ്പെടുന്ന സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുകയെന്ന സന്ദേശമാണ് തന്റെ ഉദാരമായ സംഭാവനകളിലൂടെ അദ്ദേഹം പകർന്നു നൽകുന്നത്.