പണം ഇരട്ടിപ്പ് വാഗ്ദാനം ചെയ്ത് സ്ത്രീയിൽനിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ നാലുപേർക്ക് തടവ് ശിക്ഷ. മൂന്നുമാസം തടവും നാടുകടത്തലുമാണ് പ്രതികൾക്ക് വിധിച്ചതെന്ന് സമൂഹ മാധ്യമ പോസ്റ്റിലൂടെ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് വാട്സ്ആപ് വഴിയാണ് സ്ത്രീയുമായി പ്രതികൾ ബന്ധം സ്ഥാപിച്ചത്.
പണം അയച്ചുനൽകിയാൽ അതിവേഗം ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തട്ടിപ്പ് കണ്ടെത്തിയതോടെ പ്രോസിക്യൂഷൻ പ്രതികളെ മിസ്ഡെമിനർ കോടതിയിലേക്ക് റഫർ ചെയ്യുകയും ഐ.ടി നെറ്റ്വർക് വഴി ക്രിമിനൽ പ്രവർത്തനം നടത്തിയ കേസ് ചുമത്തുകയുമായിരുന്നു. വിചാരണക്ക് ശേഷമാണ് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ചത്.
തട്ടിപ്പിന് സാധ്യതയുള്ളതിനാൽ അനൗദ്യോഗിക ഉറവിടങ്ങളിൽനിന്നുള്ള സന്ദേശങ്ങളിൽ വിശ്വസിക്കുന്നത് ഒഴിവാക്കണമെന്ന് പ്രോസിക്യൂഷൻ പ്രസ്താവനയിൽ താമസക്കാരോട് അഭ്യർഥിച്ചു. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ സുരക്ഷാ അധികാരികളെ ഉടൻ അറിയിക്കണമെന്നും അധികൃതർ ജനങ്ങളോട് നിർദേശിച്ചു