ന്യൂഡൽഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ച നരേന്ദ്രമോദി സർക്കാരിന്റെ നടപടിയുടെ സാധുത ചോദ്യംചെയ്യുന്ന ഹരജികളിൽ സുപ്രിംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് എസ്. അബ്ദുൽനസീർ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യൻ, ബി.വി നാഗാർഥന എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെയുള്ള 58 ഹരജികളിലാണ് ഉത്തരവ് പുറപ്പെടുവിക്കുക.
കേസിൽ നേരത്തെ വാദംകേൾക്കൽ പൂർത്തിയായതിനാൽ വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. സാമ്പത്തിക നയത്തിനുമേൽ കോടതിക്ക് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നായിരുന്നു വാദത്തിനിടെ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിലപാട്. എന്നാൽ, അതിനർഥം കോടതി കൈയുംകെട്ടി നോക്കിയിരിക്കുമെന്നല്ലെന്ന് ഇതിനോട് സുപ്രിംകോടതി മറുപടി പറയുകയും ചെയ്തിരുന്നു.
കള്ളപ്പണം, വ്യാജ കറൻസി, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം തുടങ്ങിയവ തടയുകയാണ് ലക്ഷ്യമെന്ന് അവകാശപ്പെട്ട് 2016 നവംബർ എട്ടിന് രാത്രിയാണ് കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചത്.