വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം തുടരുന്നു. 4 സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി ഉയർന്നു. 91 പേരെ കാണാനില്ല. 143 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. 48 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 191 പേരാണ് ചികിത്സയിലുള്ളത്. ചാലിയാർ പുഴയിൽ നിന്ന് മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. പോത്തുകല്ലിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 60 മൃതദേഹങ്ങളാണ്. വൈത്തിരിയിൽ 30 മൃതദേഹങ്ങൾ വയ്ക്കാനുള്ള ഹാൾ സജ്ജമാക്കി. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാനാണ് നിലവിലെ തീരുമാനം.
നിലമ്പൂർ ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചു. ഇതുവരെ നാനൂറിലധികം പേരെ രക്ഷപ്പെടുത്തി. മുണ്ടക്കൈയിൽ തകർന്ന വീടുകൾക്കടിയിലുള്ളവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടക്കുന്നു. സൈന്യവും എൻഡിആർഎഫും അഗ്നിരക്ഷാസേനയും പോലീസും വനംവകുപ്പും ആരോഗ്യവകുപ്പും സന്നദ്ധപ്രവർത്തകരും നാട്ടുകാരുമെല്ലാം ചേർന്നാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികൾ സുരക്ഷിതരാണെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. 45 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 3069 പേരെ ഇതിനോടകം ദുരിതാശ്വാസ ക്യാംപുകളാക്കിയിട്ടുണ്ട്.