മുംബയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.
മുംബയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് വിമാനം പുറപ്പെട്ടത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇതോടെ വിമാനം അടിന്തരമായി ഡൽഹിയിൽ ഇറക്കുകയായിരുന്നു. വിമാനത്തിൽ 239 യാത്രികരുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. എക്സിലെ ഒരു പോസ്റ്റിലൂടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും പാലിക്കുന്നുണ്ടെന്ന് എയർഇന്ത്യയുടെ വക്താവ് അറിയിച്ചു.