Gulf

നിമിഷപ്രിയയുടെ മോചനം അകലെ; ഇനിയും 20,000 ഡോളർ കൂടി നൽകണമെന്ന്

Published

on

യെമൻ പൗരനായ യുവാവു കൊല്ലപ്പെട്ട കേസിൽ വധശിക്ഷ വിധിക്കപ്പെട്ടു യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ നിശ്ചലം. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകളാണു വഴിമുട്ടിയത്.

ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകൻ അബ്ദുല്ലാ അമീർ ചർച്ചകളാരംഭിക്കാൻ രണ്ടാം ഗഡുവായി ഇരുപതിനായിരം യുഎസ് ഡോളർ കൂടി (ഏകദേശം 16.60 ലക്ഷം) ഉടൻ നൽകണമെന്നാവശ്യപ്പെട്ടതായാണു വിവരം. ഈ തുക കൈമാറിയാലേ ചർച്ചകൾ തുടങ്ങൂ.

ആദ്യ ഗഡുവായി 19871 ഡോളറിന്റെ ചെക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകനു കൈമാറിയിരുന്നു. ആകെ 40,000 യുഎസ് ഡോളറാണു ചർച്ചകൾ ആരംഭിക്കാൻ വേണ്ടതെന്നും ഇതു രണ്ടു ഗഡുവായി നൽകണമെന്നും തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു എന്ന നിലപാടിലാണത്രെ അഭിഭാഷകൻ.

ആദ്യ ഗഡു തുക വിവിധ പ്രദേശങ്ങളിലെ ജനകീയ പിരിവുവഴി ശേഖരിച്ചതായിരുന്നു. ഈ തുക ഏതു രീതിയിലാണു വിനിയോഗിച്ചതെന്നറിയാതെ എങ്ങനെയാണ് അടുത്ത ഗഡു ശേഖരിക്കുകയെന്നാണു ധനശേഖരണത്തിനു മുൻകൈ എടുത്ത സേവ് നിമിഷപ്രിയ രാജ്യാന്തര ആക്‌ഷൻ കൗൺസിലെ പ്രവർത്തകർ ചോദിക്കുന്നത്. തലാലിന്റെ കുടുംബവും ഗോത്രത്തലവന്മാരും മാപ്പു നൽകാതെ നിമിഷപ്രിയയുടെ മോചനം സാധ്യമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version